കുട്ടികളുമായി ആദ്യം അടുപ്പം ഉണ്ടാക്കും; മദ്യവും കഞ്ചാവും നൽകി മയക്കി എടുക്കും; അന്വേഷണത്തിൽ കുടുങ്ങി; പോക്സോ കേസിൽ ബാർബർ ഷോപ്പ് ഉടമ പിടിയിൽ; സംഭവം മലപ്പുറത്ത്
മലപ്പുറം: മദ്യവും കഞ്ചാവും നൽകി വിദ്യാർഥികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ. താനാളൂർ ചാക്കുംകാട്ടിൽ വീട്ടിൽ അഹമ്മദ് കബീറിനെയാണ് (36) താനൂർ പോലീസ് പിടികൂടിയത്.
താനാളൂരിൽ ബാർബർ ഷോപ്പ് നടത്തുന്ന കബീർ കാറും മോട്ടോർ സൈക്കിളും ഓടിക്കാൻ നൽകി കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം കഞ്ചാവും മദ്യവും നൽകി കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. താനാളൂർ ബ്യൂട്ടി ഹെയർ സലൂൺ എന്ന ബാർബർ ഷോപ്പിൽ വെച്ചാണ് ഇയാൾ കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
നാല് കുട്ടികളുടെ പരാതിയിൽ പ്രതിയെ പോക്സോ ചുമത്തിയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. താനൂർ ഡിവൈ.എസ്.പി പി. പ്രമോദ്, സി.ഐ ടോണി ജെ. മറ്റം, എസ്.ഐ എൻ.ആർ. സുജിത്, എ.എസ്.ഐമാരായ കെ. സലേഷ്, നിഷ, സജിനി, സീനിയർ സി.പി.ഒ പ്രദീപ്, പ്രകാശൻ, സി.പി.ഒമാരായ സക്കീർ, ഷൈൻ എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്.