രാവിലെ ക്ഷേത്ര നട തുറന്ന പൂജാരിയുടെ ചങ്കിടിച്ചു; തിരുവാഭരണ മാലയിലെ കണ്ണികൾ കാണാനില്ല; അന്വേഷണത്തിൽ കുടുങ്ങിയത് ശാന്തിക്കാരൻ
അരൂർ: ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണങ്ങളിലെ മാലയിൽ നിന്ന് കണ്ണികൾ അടർത്തിയെടുത്ത് വിൽപ്പന നടത്തിയ കേസുമായി ബന്ധപ്പെട്ട് താല്ക്കാലിക ശാന്തിക്കാരൻ അറസ്റ്റിൽ. എഴുപുന്ന തെക്ക് വളപ്പനാടി നികർത്തിൽ വിഷ്ണു വിനെയാണ് (35) അരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
എഴുപുന്ന കണ്ണന്തറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താല്ക്കാലിക ജീവനക്കാരനായിരുന്ന വിഷ്ണു, കഴിഞ്ഞ ഏപ്രിൽ 14 ന് വിഷുദിനത്തിലും മേയ് 15നും മാത്രമാണ് ക്ഷേത്രത്തിൽ ജോലി ചെയ്തത്. ഈ രണ്ടു ദിവസങ്ങളിലും 2 വിഗ്രഹങ്ങളിലായി ചാർത്തിയിരുന്ന സ്വർണമാലയിൽ നിന്ന് കണ്ണികൾ അടർത്തി മാറ്റി ബാക്കിയുള്ള ഭാഗം നൂലുകൊണ്ട് കെട്ടി യോജിപ്പിച്ച് വിഗ്രഹത്തിൽ തന്നെ ചാർത്തുകയായിരുന്നു.
തിരുവാഭരണങ്ങൾ തിരികെ ദേവസ്വം ഓഫീസിലേക്ക് നൽകിയപ്പോൾ ക്ഷേത്ര ഭാരവാഹികൾക്ക് സംശയം തോന്നുകയും അരൂർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.