'നീ ആരാടാ..'; വീട്ടിൽ ശബ്ദം കൂട്ടി പാട്ടുവച്ചത് ചോദ്യം ചെയ്തു; പിന്നാലെ കൈവിട്ട കളി; കുടുംബത്തെ വീടുകയറി ആക്രമിച്ച പ്രതികളെ കുടുക്കി പോലീസ്; സംഭവം പത്തനംതിട്ടയിൽ

Update: 2025-08-16 13:18 GMT

പത്തനംതിട്ട: വീട്ടിൽ ഉച്ചത്തിൽ പാട്ട് വെച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധം തീർക്കാൻ വീട്ടിൽ അതിക്രമിച്ചു കയറി ഒരു കുടുംബത്തെ അക്രമിച്ച സംഭവത്തിൽ മൂന്നു യുവാക്കളെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടപ്പള്ളി സ്വദേശികളായ ആനന്ദ് (21), എം.ജി. അജിത്ത് (36), അശ്വിൻദേവ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് 14-ന് വൈകുന്നേരമാണ് സംഭവം നടന്നത്. അടൂർ പെരിങ്ങനാട് സ്വദേശി ഗിരീഷ്, അദ്ദേഹത്തിന്റെ മാതാപിതാക്കളായ ഗീത, രാജൻ എന്നിവർക്കാണ് പ്രതികളുടെ മർദ്ദനമേറ്റത്. ഉച്ചത്തിൽ പാട്ട് വെച്ചതു ചോദ്യം ചെയ്തതാണ് അക്രമികൾക്ക് പ്രകോപനമായത്. തുടർന്ന് പ്രതികൾ ഗിരീഷിന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.

അക്രമത്തിൽ ഗിരീഷിന്റെ വലതുകൈയിൽ ആനന്ദ് ചൂരൽ വടികൊണ്ട് അടിയേറ്റ് പരിക്കേറ്റു. ഇത് തടയാൻ ശ്രമിച്ച അമ്മ ഗീതയുടെ തലയുടെ ഇടതുഭാഗത്ത് അജിത്ത് പിവിസി പൈപ്പ് ഉപയോഗിച്ച് അടിക്കുകയും മുറിവേൽപ്പിക്കുകയുമായിരുന്നു. പിതാവ് രാജനെയും പ്രതികൾ കൂട്ടംചേർന്ന് മർദ്ദിച്ചു. ഗിരീഷിനെ തള്ളി താഴെയിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

സംഭവത്തെത്തുടർന്ന് ഗിരീഷ് രാത്രി തന്നെ അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അടൂർ ഡിവൈ.എസ്.പി. ജി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലും പോലീസ് ഇൻസ്പെക്ടർ ശ്യാം മുരളിയുടെ നേതൃത്വത്തിലുമുള്ള സംഘമാണ് പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടിയത്.

Tags:    

Similar News