ഗേള്‍സ് ഹോസ്റ്റലിലേക്ക് നടന്നുപോകുന്നത് നോക്കി നിന്നു; തക്കം പാത്ത് പിന്നിലുടെയെത്തി മാല പൊട്ടിച്ചെടുത്ത് ഓടി; ഒടുവിൽ കുടുങ്ങിയത് മൂന്നാം ദൃഷ്ടിയിൽ; കള്ളനെ പൊക്കി പോലീസ്

Update: 2025-09-07 15:32 GMT

സുൽത്താൻബത്തേരി: കൂട്ടുകാരുമൊത്ത് ഹോസ്റ്റലിലേക്ക് നടന്നു പോകുകയായിരുന്ന യുവതിയുടെ ഒന്നര പവൻ തൂക്കമുള്ള സ്വർണമാല തട്ടിപ്പറിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുപ്പാടി വെള്ളായിക്കുഴി ഉന്നതിയിൽ താമസിക്കുന്ന ബിനു (29) ആണ് പിടിയിലായത്. കഴിഞ്ഞ 29ന് രാത്രിയോടെയായിരുന്നു സംഭവം.

സംഭവദിവസം തിരിച്ചറിയാതിരിക്കാനായി മുഖംമൂടി ധരിച്ചാണ് പ്രതി യുവതിയുടെ സമീപത്തെത്തിയത്. മടക്കിമല സ്വദേശിനിയായ യുവതി സുഹൃത്തുക്കൾക്കൊപ്പം കുപ്പാടിയിലെ ഗേൾസ് ഹോസ്റ്റലിലേക്ക് നടന്നുപോകുന്നതിനിടെയാണ് ബിനു സ്വർണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടത്. മോഷണശ്രമം തടയാൻ ശ്രമിച്ച യുവതിയെ പ്രതി റോഡിലേക്ക് തള്ളിയിട്ട ശേഷമാണ് കടന്നുകളഞ്ഞത്.

സംഭവസ്ഥലത്തെത്തിയ പോലീസ് ദൃക്സാക്ഷികളിൽ നിന്ന് ലഭിച്ച മൊഴികളും സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ബിനുവിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റോഡരികിലൂടെ നടന്നുപോകുന്നവരെ ലക്ഷ്യമിട്ട് മോഷണം നടത്തുന്ന സംഘമാണോ പിന്നിലെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Tags:    

Similar News