സ്‌കൂട്ടറിൽ വരുന്നതിനിടെ സംശയം; പിടിച്ചുനിർത്തി പരിശോധിച്ചപ്പോൾ തൂക്കി; 81 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ
താമരശ്ശേരി: ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വിൽപ്പനക്കായി കൊണ്ടുവന്ന 81 ഗ്രാം എംഡിഎംഎയുമായി യുവാവിനെ താമരശ്ശേരി പോലീസ് പിടികൂടി. മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ സ്വദേശി മുഹമ്മദ് അനസ് (20) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് പിടിച്ചെടുത്ത എംഡിഎംഎക്ക് കേരളത്തിൽ മൂന്നുലക്ഷം രൂപയോളം വിലവരുമെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ബെംഗളൂരുവിലെ മൊത്തവിതരണക്കാരിൽനിന്ന് വാങ്ങി കോഴിക്കോട് ജില്ലയിൽ വിൽപ്പന നടത്തുകയായിരുന്നു അനസെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഒരു വർഷത്തോളമായി ബെംഗളൂരുവിലെ ഒരു കഫേ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രകാശൻ പടന്നയിലിന്റെയും താമരശ്ശേരി ഡിവൈഎസ്പി കെ. സുഷീറിന്റെയും നിർദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ്ഐ രാജീവ് ബാബു, താമരശ്ശേരി എസ്ഐമാരായ വി.കെ. റസാക്ക്, എം. അബ്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.