ആംബുലൻസ് ഡ്രൈവറായി ജോലി; എക്സൈസിന്റെ അന്വേഷണത്തിൽ തനി നിറം പുറത്ത്; ലഹരി വസ്‌തുക്കളുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: സ്വകാര്യ ആംബുലൻസിൽ എംഡിഎംഎയും കഞ്ചാവും കടത്തിയ കേസിൽ ആംബുലൻസ് ഡ്രൈവറെ എക്സൈസ് സംഘം പിടികൂടി. വട്ടപ്പാറ സ്വദേശി സന്ദീപ് (22) ആണ് അറസ്റ്റിലായത്. പ്രാവച്ചമ്പലത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പ്രതിയിൽ നിന്ന് 2.52 ഗ്രാം എംഡിഎംഎയും 22 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്ന് ലഹരിവസ്തുക്കൾ എത്തിച്ച് മൊത്തമായി വാങ്ങി ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന രീതിയാണ് പ്രതിയുടേതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ലഹരി മരുന്നുകൾ എത്തിച്ചു നൽകിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കൊലക്കേസ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് സന്ദീപ്. എക്സൈസ് ഇൻസ്പെക്ടർ എ.കെ. അജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്ക് ലഹരിവസ്തുക്കൾ ലഭിക്കുന്ന ഉറവിടത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.