ജോലിക്ക് നിന്ന സ്ഥാപനത്തിൽ തന്നെ മുക്കുപണ്ടം പണയംവെച്ച് കള്ളത്തരം; അവിടെ നിന്നും മുങ്ങി ഒരു വർഷം ഒളിവിൽ; ഒടുവിൽ അർച്ചനയെ കുടുക്കി പോലീസ്
കടയ്ക്കൽ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വ്യാജ സ്വർണാഭരണങ്ങൾ പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മുൻ ജീവനക്കാരിയെ ഒരു വർഷത്തിനു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. ഐരക്കുഴി കൊച്ചുതോട്ടംമുക്ക് താഴെതോട്ടം ഹൗസിൽ അർച്ചന (44) ആണ് പിടിയിലായത്.
കടയ്ക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കാലയളവിലാണ് അർച്ചന തട്ടിപ്പ് നടത്തിയത്. വ്യാജ വിലാസവും ഫോൺ നമ്പറും ഉപയോഗിച്ച് ഏകദേശം ഏഴര പവനോളം വരുന്ന വ്യാജ സ്വർണാഭരണങ്ങൾ വിവിധ തവണകളായി പണയംവെച്ച് പണം കൈക്കലാക്കുകയായിരുന്നു. സ്ഥാപന ഉടമ ഊണിന് പോകുന്ന സമയത്താണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.
രണ്ടര ഗ്രാമിൽ കൂടുതൽ തൂക്കമുള്ള സ്വർണം പണയം വെച്ചാൽ അത് ബാങ്ക് ലോക്കറിലേക്ക് മാറ്റുമെന്ന നിബന്ധന മുതലെടുത്താണ് അർച്ചന തട്ടിപ്പ് നടത്തിയത്. ഇതിനാൽ രണ്ടര ഗ്രാമിൽ കുറഞ്ഞ തൂക്കമുള്ള വ്യാജ സ്വർണം 34 തവണകളായി പണയംവെച്ചു. പണയം വെച്ച ആഭരണങ്ങളിൽ സംശയം തോന്നിയതോടെ സ്ഥാപന ഉടമ ഇവരെ ചോദ്യം ചെയ്യുകയും തുടർന്ന് അർച്ചന ഒളിവിൽ പോകുകയുമായിരുന്നു.
തിരുവനന്തപുരത്ത് ഒരു വീട്ടിൽ ജോലിക്കു നിന്ന ഇവരെ രഹസ്യ വിവരത്തെ തുടർന്ന് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തോളമായി ഇവർ ഒളിവിൽ കഴിയുകയായിരുന്നു. സംഭവം സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.