കടയില്‍ വന്ന പെൺകുട്ടി വിരണ്ടോടി; കരച്ചിൽ നിർത്താതെ വീട്ടിൽ കയറി; കാര്യം തിരക്കിയപ്പോൾ ഞെട്ടൽ; പ്രതിയെ നാഗപട്ടണത്ത് നിന്ന് പൊക്കി പോലീസ്; സംഭവം മലപ്പുറത്ത്
മലപ്പുറം: പൊന്നാനിയിൽ കടയിൽ വെച്ച് ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. 20 ദിവസത്തോളം തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഷംസു (51) ആണ് അറസ്റ്റിലായത്. ഇയാൾ നേരത്തെയും സമാനമായ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
പൊന്നാനിയിലെ പൊടി മില്ലിൽ ജോലിക്കാരനായ ഷംസു, പെൺകുട്ടിയും വീട്ടുകാരും പരാതി നൽകിയതിനെത്തുടർന്നാണ് ഒളിവിൽ പോയത്. നാഗൂർ, ഏർവാടി, മുത്തുപേട്ട എന്നിവിടങ്ങളിലെ ദർഗ പരിസരങ്ങളിലാണ് ഇയാൾ താമസിച്ചിരുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞ പ്രതിയെ കണ്ടെത്താൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ വിളികൾ കേന്ദ്രീകരിച്ചും സംസ്ഥാനത്തിനു പുറത്ത് പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തി. തുടർന്ന്, തമിഴ്നാട്ടിലെ നാഗപട്ടണത്ത് വെച്ചാണ് പൊന്നാനി പോലീസ് ഷംസുവിനെ പിടികൂടിയത്.
പൊന്നാനി പോലീസ് ഇൻസ്പെക്ടർ എസ്. അഷ്റഫ്, എസ്ഐ സിവി ബിബിൻ, എഎസ്ഐ വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഷ്റഫ്, നാസർ, എസ് പ്രശാന്ത് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 10 വർഷം മുമ്പ് സമാനമായ മറ്റൊരു കേസിൽ പ്രതിയായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.