വിഴിഞ്ഞത്ത് കഞ്ചാവും ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ; 7.1 ഗ്രാം വരെ പിടിച്ചെടുത്തു; കൈയ്യോടെ പൊക്കി എക്സൈസ്
വിഴിഞ്ഞം: വിഴിഞ്ഞത്ത് മയക്കുമരുന്നുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. 7.1 ഗ്രാം ബ്രൗൺഷുഗറും 20 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ബുളറ്റ് മണ്ഡലിനെ (32) നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥർ പിടികൂടി. ഇയാളിൽ നിന്ന് ആറ് മോഷ്ടിച്ച മൊബൈൽ ഫോണുകളും കണ്ടെടുത്തു.
കെട്ടിടനിർമാണ തൊഴിലാളിയെന്ന് പറയപ്പെടുന്ന ഇയാൾ, വിഴിഞ്ഞം, കോവളം മേഖലകളിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മറ്റ് സംസ്ഥാന തൊഴിലാളികൾക്ക് വിൽപ്പന നടത്തുന്നതിനാണ് മയക്കുമരുന്നെത്തിച്ചതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ബ്രൗൺഷുഗറിന് ഏകദേശം 30,000 രൂപയും കഞ്ചാവിന് 3,000 രൂപയും വിലവരും.
കഴിഞ്ഞദിവസം കോവളം ഭാഗത്തുനിന്ന് കുറഞ്ഞ അളവിൽ ബ്രൗൺഷുഗറുമായി ഒരു യുവാവിനെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് ബുളറ്റ് മണ്ഡലിനെക്കുറിച്ച് വിവരം ലഭിച്ചതും തുടർന്ന് ഇന്നലെ രാത്രി 9.30-ഓടെ വിഴിഞ്ഞം ഹാർബർ റോഡിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്തതും. സംഭവത്തിൽ എക്സൈസ് കേസെടുത്തിട്ടുണ്ട്.