വ്യാജ സിഗരറ്റ് ഉണ്ടാക്കി വിൽക്കുന്നത് സ്ഥിരം പരിപാടി; കേസായതോടെ വിദേശത്തേക്ക് മുങ്ങി; എയർപോർട്ടിൽ നിന്ന് കടക്കാനുള്ള ശ്രമത്തിനിടയിൽ അറസ്റ്റ്
മാനന്തവാടി: വ്യാജ ഗോൾഡ് ഫ്ലേക്ക് സിഗരറ്റുകൾ നിർമ്മിച്ച് വിൽപ്പന നടത്തിയ കേസിൽ പ്രതിയായ 23-കാരൻ ഖത്തറിൽ നിന്നെത്തിയതിന് പിന്നാലെ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി. സുൽത്താൻബത്തേരി പള്ളിക്കണ്ടി കായാടൻ വീട്ടിൽ മുഹമ്മദ് യാസീനെയാണ് (23) തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
2024 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഐടിസി കമ്പനിയുടെ പ്രമുഖ ബ്രാൻഡായ ഗോൾഡ് ഫ്ലേക്ക് സിഗരറ്റുകളുടെ വ്യാജ പാക്കറ്റുകളും സിഗരറ്റുകളും നിർമ്മിച്ച് തലപ്പുഴ ടൗണിലെ കച്ചവടക്കാർക്ക് മുഹമ്മദ് യാസീൻ വിൽപ്പന നടത്തിയിരുന്നു. കച്ചവടക്കാരിൽ നിന്ന് വിവരം ലഭിച്ച ഐടിസി കമ്പനിയുടെ അംഗീകൃത വിതരണക്കാർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോൾ മുഹമ്മദ് യാസീൻ സിഗരറ്റ് പാക്കറ്റുകൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതോടെ, മുഹമ്മദ് യാസീൻ വിദേശത്തേക്ക് കടന്നു. മാസങ്ങളോളം ഇയാൾ ഖത്തറിൽ ഒളിവിൽ കഴിഞ്ഞു. ഇതിനിടെ പൊലീസ് ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വിമാനത്താവള അധികൃതർ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തലപ്പുഴ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.