കൈകള്‍ കൂട്ടിപ്പിടിച്ച് ചെവിയില്‍ നിന്നും കമ്മലൂരാന്‍ ശ്രമം; ഭയന്ന് നിലവിളിച്ച് വയോധിക; മലപ്പുറത്ത് സ്വർണകവർച്ച കേസിൽ യുവതി അറസ്റ്റിൽ; മകളെ തപ്പി പോലീസ്
മലപ്പുറം: മഞ്ചേരിയിൽ വയോധികയെ ആക്രമിച്ച് സ്വര്‍ണം കവർന്ന കേസിൽ അയൽവാസിയായ യുവതി അറസ്റ്റിൽ. പുല്ലൂർ സ്വദേശിനി ജസീറയാണ് പിടിയിലായത്. കവർച്ചയ്ക്ക് സഹായിച്ച ജസീറയുടെ മകൾ ഒളിവിലാണ്. ഓഗസ്റ്റ് എട്ടിന് ഉച്ചയോടെയായിരുന്നു സംഭവം.
പുല്ലൂർ സ്വദേശിനി ജസീറയും മകളും ചേർന്ന് സൗമിനി-ബാബു ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറി. കിടപ്പുരോഗിക്ക് സമാനമായ ആരോഗ്യനിലയിലുള്ള സൗമിനിയെ ഉപദ്രവിച്ച് ചെവിയിൽ നിന്നു കമ്മൽ പിടിച്ചുപറിക്കാൻ ശ്രമിച്ചു. ബഹളം വെച്ച ഇവരുടെ മുഖത്ത് അമർത്തിയാണ് സ്വർണം കവർന്നത്. പിന്നീട് മഞ്ചേരിയിലെ ഒരു സ്വർണ്ണക്കടയിൽ വെച്ച് വിൽക്കുകയും ചെയ്തു.
വിരലടയാള പരിശോധനയ്ക്കും വിശദമായ അന്വേഷണത്തിനും ഒടുവിലാണ് അയൽവാസികളായ അമ്മയും മകളും തന്നെയാണ് കവർച്ചയ്ക്കു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. സ്വർണ്ണക്കടയിൽ നിന്ന് കവർച്ച ചെയ്യപ്പെട്ട സ്വർണം കണ്ടെടുത്തിട്ടുണ്ട്. ഇതിനിടെ, കവർച്ചയ്ക്ക് സഹായിച്ച മകൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. അറസ്റ്റിലായ ജസീറയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.