പിടിയിലായ വെൺപകൽ സ്വദേശിയുമായി പാറശ്ശാല പോലീസ് നേരെ വിട്ടത് ബെംഗളൂരുവിലേക്ക്; അന്വേഷണത്തിനിടെ വിരുതൻ കുടുങ്ങി; ലഹരി കേസിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ പൊക്കി

Update: 2025-10-28 09:11 GMT

തിരുവനന്തപുരം: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തിയ സംഭവത്തിൽ പ്രധാനിയായ മലയാളി നഴ്സിങ് വിദ്യാർഥി അറസ്റ്റിൽ. തിരുവനന്തപുരത്തേക്ക് ലഹരിക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പാറശാല പൊലീസ് പ്രതിയെ ബംഗളൂരുവിൽ നിന്ന് പിടികൂടിയത്.

എറണാകുളം അങ്കമാലി സ്വദേശി ഡെന്നി ജോസ് (21) ആണ് അറസ്റ്റിലായത്. ഇയാൾ ബംഗളൂരുവിലെ ഒരു നഴ്സിങ് കോളേജിൽ വിദ്യാർഥിയായിരുന്നു. കഴിഞ്ഞ 9-ന് ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എയുമായി വന്ന നെയ്യാറ്റിൻകര വെൺപകൽ സ്വദേശി ശ്യാമിനെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്യാമിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡെന്നി ജോസിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

തുടർന്ന്, റിമാൻഡിലായിരുന്ന ശ്യാമിനെ കസ്റ്റഡിയിലെടുത്ത് വിശദമായ അന്വേഷണം നടത്തിയ ശേഷം, ഡെന്നി ജോസിനെ കണ്ടെത്താനായി പൊലീസ് സംഘം ബംഗളൂരുവിലെത്തി. പാറശാല എസ്.ഐ ദീപു.എസ്.എസിന്റെ നേതൃത്വത്തിൽ ഒരാഴ്ചയോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ഡെന്നി ജോസിനെ ഷംപുരയിൽ നിന്ന് പിടികൂടുന്നത്. തുടർന്ന് ഇയാളെ തിരുവനന്തപുരത്തെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ലഹരിക്കടത്ത് സംഘത്തിലെ കണ്ണികൾ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പൊലീസുകാരായ വിമൽരാജ്, റോയി, രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News