വീടിന് സമീപം സ്‌കൂൾ ബസിൽ വന്നിറങ്ങിയതും പെരുംമഴ; നനയാതിരിക്കാൻ അടുത്തുള്ള ഷെഡിൽ കയറി നിന്നതും പെൺകുട്ടിയുടെ നിലവിളി; രണ്ടാം ക്ലാസുകാരിയോട് മോശമായി പെരുമാറിയ പ്രതിയെ പൊക്കിയത് മലയിൽ നിന്ന്
തിരുവനന്തപുരം: രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച ആളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിന് കൈമാറി. ആറ്റുപുറം സ്വദേശി ഷൈജു (40)വിനെയാണ് കടയ്ക്കൽ പൊലീസ് പിടികൂടിയത്.സ്‌കൂൾവിട്ടുവരുന്ന വഴി മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറി നിന്ന രണ്ടാം ക്ലാസുകാരിക്ക് നേരെയാണ് കഴിഞ്ഞ ദിവസം ലൈംഗികാതിക്രമത്തിന് ശ്രമം നടന്നത്.
സ്‌കൂൾ ബസിൽ വന്നിറങ്ങിയ കുട്ടി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറി നിന്നപ്പോഴാണ് പ്രതി ഉപദ്രവിച്ചത്. ഷൈജുവിനെ കുട്ടിക്ക് പരിചയം ഉണ്ടായിരുന്നു. ഈ പരിചയം മുതലാക്കിയാണ് പ്രതി കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
കുട്ടി ബഹളം വെച്ചതിനെ തുടർന്ന് അടുത്തുള്ള വീട്ടിലുള്ളവർ ഇറങ്ങിവന്നു. ഇതോടെ ഓടി രക്ഷപ്പെട്ട ഷൈജു തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു.പക്ഷെ നാട്ടുകാർ പ്രദേശത്താകെ തിരച്ചിൽ നടത്തി. പിന്നാലെ തൊട്ടടുത്ത മലയിൽ നിന്നും ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.