രാത്രി ആളില്ലാത്ത വീട്ടിൽ നിന്നും ഒരു ശബ്ദം; കല്ല് കൊണ്ട് വാതിൽ അടിച്ച് പൊളിച്ച് മോഷണശ്രമം; നാട്ടുകാർ ഓടി വരുന്നത് കണ്ട് ടെറസിലേക്കു കയറി ഒളിച്ചു; ഒടുവിൽ കള്ളനെ കുടുക്കിയത് ഇങ്ങനെ
തൃശൂർ: നാട്ടികയിൽ ആളില്ലാത്ത വീട്ടിൽ മോഷണശ്രമം നടത്തിയ തമിഴ്നാട് സ്വദേശിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുതാചലം നെയ് വേലി സ്വദേശി വീരമണി (50) ആണ് പിടിയിലായത്. ഇയാൾക്ക് നിരവധി ക്രിമിനൽ കേസുകളിൽ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. നാട്ടിക ജെ.കെ. തീയേറ്ററിന് സമീപം തൃത്തല്ലൂർ സ്വദേശി അമ്പലത്ത് വീട്ടിൽ നിസാറിൻ്റെ ഒഴിഞ്ഞുകിടന്ന തറവാട് വീടിന്റെ വാതിൽ കല്ലുകൊണ്ട് തകർത്ത് അകത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ വീരമണി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ വീടിൻ്റെ ടെറസിലേക്ക് ഓടി ഒളിച്ചു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ പൊലീസിനെ വിവരമറിയിച്ചു. വലപ്പാട് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി. വീരമണി ഗുരുവായൂർ, വലപ്പാട്, കൊടുങ്ങല്ലൂർ, മതിലകം, ചാവക്കാട് സ്റ്റേഷനുകളിൽ മൂന്ന് മോഷണക്കേസുകൾ ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.