തിരുവല്ല സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് നടന്നെത്തി; നിമിഷ നേരം കൊണ്ട് എല്ലാ വശത്തും നിന്നും വളഞ്ഞ് പോലീസ് സംഘം; എംഡിഎംഎ പിടികൂടി
തിരുവല്ല: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തിയ സംഘത്തിലെ മൂന്നു യുവാക്കൾ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. 27 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഡാൻസാഫ് സംഘവും തിരുവല്ല പോലീസും സംയുക്തമായാണ് നടപടി സ്വീകരിച്ചത്.
ബുധനാഴ്ച രാവിലെ 10 മണിയോടെ ബംഗളൂരു - കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ തിരുവല്ല സ്റ്റേഷനിലെത്തിയ അയിരൂർ സ്വദേശികളായ സെബിൻ, സോനു, ചാലക്കുടി സ്വദേശി വിമൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനിൽ നിന്നിറങ്ങി സ്റ്റേഷൻ കവാടത്തിന് സമീപത്തുകൂടി നടന്നു നീങ്ങുന്നതിനിടെയാണ് ഇവരെ പോലീസ് സംഘം വളഞ്ഞിട്ട് പിടികൂടിയത്.
സോനുവിന്റെ ബാഗിൽ നിന്ന് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് സ്ഥിരമായി എംഡിഎംഎ കടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കും.