പെട്ടെന്ന് നോക്കിയാൽ അടഞ്ഞുകിടക്കുന്ന ഒരു വീട്; ആർക്കും സംശയം തോന്നാത്ത രീതിയിൽ പൊടിപൊടിച്ച് ബിസിനസ്; ഒടുവിൽ എക്സൈസ് പരിശോധനയിൽ ട്വിസ്റ്റ്
പത്തനംതിട്ട: സംശയകരമായി തോന്നാത്ത, അടഞ്ഞുകിടന്ന ഒരു വീട്ടിൽ നിന്ന് 220 കുപ്പി വിദേശ മദ്യം പിടികൂടി. റാന്നിയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് വൻ മദ്യശേഖരം കണ്ടെത്തിയത്. റാന്നി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ പരിശോധന നടത്തി മദ്യം പിടിച്ചെടുത്തത്.
സംസ്ഥാനത്തുടനീളം നടക്കുന്ന എക്സൈസ് വകുപ്പിന്റെ മയക്കുമരുന്ന് വേട്ടയുടെ ഭാഗമായിട്ടാണ് ഈ നടപടികൾ. തൃശൂരിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എളംതുരുത്തിയിൽ വിൽപ്പനക്കായി സൂക്ഷിച്ച 32.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഷാജു കെഎൽ (57) എന്നയാളെ അറസ്റ്റ് ചെയ്തു. തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രമോദ് എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
മണലിത്തറയിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി എലിയാസ് (54) എന്നയാളെയും വടക്കാഞ്ചേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.