കൂട്ടുകാരനെ കണ്ടതും ദേഷ്യം കയറി സ്ക്രൂ ഡ്രൈവര്‍ എടുത്ത് കുത്തിവീഴ്ത്തി; നിലവിളിച്ച് കരഞ്ഞിട്ടും വിട്ടില്ല; യുവാവിന് ഗുരുതര പരിക്ക്; പകയ്ക്ക് പിന്നിലെ കാരണം കേട്ട് പോലീസിന് ഞെട്ടൽ

Update: 2026-01-19 07:55 GMT

മലപ്പുറം: നിലമ്പൂരിലെ പാട്ടുത്സവത്തിനിടെ ആയിരം രൂപയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ വല്ലപ്പുഴ സ്വദേശി അനു ഫർസിൻ (21) ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മുതുകാട് തെക്കുംപാടം സ്വദേശി കുന്നുപുറത്ത് സുജിത്ത് (23), കൂറ്റമ്പാറ ചെറായി സ്വദേശി പുരങ്ങാട്ട് ശ്രേയസ് ദാസ് (21) എന്നിവരെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ നിലമ്പൂർ പാട്ടുത്സവ നഗരിയിലാണ് സംഭവം. കുടുംബസമേതം പാട്ടുത്സവം കാണാനെത്തിയ അനു ഫർസിനാണ് ആക്രമണത്തിനിരയായത്. മുതുകിൽ ആഴത്തിൽ കുത്തേറ്റ ഇദ്ദേഹത്തെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് നിലമ്പൂർ ഇൻസ്പെക്ടർ ബി. എസ്. ബിനു അറിയിച്ചു. അനു ഫർസിന്റെ സുഹൃത്തിന് സുജിത്ത് നൽകാനുള്ള ആയിരം രൂപയെച്ചൊല്ലി രണ്ട് ദിവസം മുമ്പ് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.

പാട്ടുത്സവ നഗരിയിൽ വെച്ച് അനു ഫർസിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ ശ്രേയസ് പിടിച്ചുനിർത്തുകയും സുജിത്ത് കുത്തുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. ആക്രമണശേഷം പിന്തുടർന്ന് വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് പ്രതികളെ പിടിച്ചുമാറ്റുകയായിരുന്നു.

പ്രതികളായ സുജിത്തിനും ശ്രേയസിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് വ്യക്തമാക്കി. സുജിത്ത് മുമ്പും അടിപിടി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. ശ്രേയസിനെതിരെ രണ്ടാഴ്ച മുമ്പ് സുഹൃത്തിനെ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചതിന് നിലമ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, ജിയോ ജേക്കബ്, പി. സജീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ സംഭവം നിലമ്പൂർ പാട്ടുത്സവ നഗരിയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.

Tags:    

Similar News