രഹസ്യ വിവരം കിട്ടിയതും ഇരച്ചെത്തിയ പോലീസ്; പരിശോധനയിൽ കിളി പോയി; രാസലഹരിയുമായി മലപ്പുറത്ത് നിന്ന് മുരുകനെ കൈയ്യോടെ പൊക്കി
മലപ്പുറം: ബംഗളുരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 40 ഗ്രാം എം.ഡി.എം.എയുമായി 'മുരുകൻ' എന്നറിയപ്പെടുന്ന യുവാവ് മലപ്പുറം വഴിക്കടവിൽ പൊലീസ് പിടിയിലായി. മൂത്തേടം കാരപുറം സ്വദേശി കല്ലുപുരയിൽ ലിജു എബ്രഹാമാണ് (28) അറസ്റ്റിലായത്. ജില്ലയിലേക്ക് നേരിട്ട് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈ.എസ്.പി. സാജു കെ. അബ്രഹാമിന്റെ നിർദ്ദേശപ്രകാരം വഴിക്കടവ് ആനമറിയിൽ രാത്രി ഒമ്പത് മണിയോടെ നടത്തിയ പരിശോധനയിലാണ് ലിജു പിടിയിലായത്. ലഹരി സംഘങ്ങൾക്കിടയിൽ 'മുരുകൻ' എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് ലിജു എം.ഡി.എം.എ. വിൽപന നടത്തിയിരുന്നത്.
എസ്.ഐ. പി.ടി. സൈഫുള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. ബി. തോമസ്, സീനിയർ സി.പി.ഒ. സൂര്യകുമാർ, സി.പി.ഒ. വിനു, ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ്, പി. സജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. രാസലഹരി ലഭിച്ച ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാസലഹരി കൈവശം വെച്ചതിന് ഇയാൾക്കെതിരെ എക്സൈസിലും കേസ് നിലവിലുണ്ട്. ബംഗളുരുവിൽ നിന്നുള്ള ലഹരി കടത്ത് തടയാനുള്ള പൊലീസ് നീക്കങ്ങൾക്ക് ഈ അറസ്റ്റ് നിർണ്ണായകമാകും.