സ്ഥിരമായി പിന്നാലെ നടന്ന് ശല്യം ചെയ്യുന്നു; പുറത്തിറങ്ങിയാൽ പിറകെ വരും; പിന്നാലെ പോലീസിൽ പരാതി നൽകിയത് ഇഷ്ടപ്പെട്ടില്ല; യുവതിയെ ബുള്ളറ്റിൽ കയറ്റി തട്ടിക്കൊണ്ടുപോയി; പ്രതി പിടിയിൽ
കായംകുളം: യുവതിയെ തട്ടികൊണ്ടുപോയ കേസിൽ 20-കാരൻ അറസ്റ്റിൽ.യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളികുന്നം സ്വദേശിനിയായ 20 വയസുള്ള യുവതിയെ സ്ഥിരമായി ശല്യം ചെയ്തതിന് വള്ളികുന്നം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഇതിലുള്ള പകയെ തുടർന്നാണ് ഭീഷണിപ്പെടുത്തി ബുള്ളറ്റിൽ കയറ്റി തട്ടിക്കൊണ്ടു പോയത്. യുവതിയുടെ അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റ്.
പുലിയൂർ പൂമലച്ചാൽ മുറിയിൽ ആനത്താറ്റ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൈലാസ് നാഥിനെയാണ് (21) കായംകുളം പോലീസ് പിടികൂടിയത്. കായംകുളം ഡിവൈഎസ് പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ അരുൺ ഷാ, സബ് ഇൻസ്പെക്ടർമാരായ രതീഷ് ബാബു, ശരത്, പോലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, ഗോപകുമാർ, രതീഷ്, സജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ കൈലാസ് നാഥിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.