ഓട്ടോറിക്ഷയിൽ മദ്യം വിൽപന നടത്തുന്നതിനിടെ യുവാവ് പിടിയിൽ; തൃക്കലങ്ങോട്ടുകാരന്റെ 'മൊബൈൽ ബാറി'ൽ നിന്നും കണ്ടെടുത്തത് 22 ലിറ്റർ മദ്യം
മലപ്പുറം: ഓട്ടോറിക്ഷയിൽ മദ്യം വിൽപന നടത്തുന്നതിനിടെ യുവാവ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിൽ. തൃക്കലങ്ങോട് സ്വദേശി കൽപള്ളി വീട്ടിൽ റിനേഷിനെ (35) പിടികൂടിയത്. ഇയാളിൽ നിന്ന് 22 ലിറ്റർ മദ്യവും വിൽപ്പനക്കായി ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും 4,000 രൂപയും കസ്റ്റഡിയിലെടുത്തു. മലപ്പുറം തൃക്കലങ്ങോട് പടുപ്പുംകുന്നിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
നേരത്തെയും അബ്കാരി കേസുകളിൽ പ്രതിയായിട്ടുള്ള റിനേഷ്, 'മൊബൈൽ ബാർ' എന്ന നിലയിൽ ഓട്ടോറിക്ഷയിൽ മദ്യം ആവശ്യക്കാർക്ക് എത്തിച്ചു നൽകി വരികയായിരുന്നു. ഇതിനിടെയാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ പിടിയിലായത്. മഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വി. നൗഷാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ജി. അഭിലാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി. സുനീർ, സി.ടി. അക്ഷയ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം. ആതിര, ഡ്രൈവർ എം. ഉണ്ണികൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ലഹരി ഉപയോഗത്തിനും വിൽപ്പനക്കുമെതിരെ ശക്തമായ നടപടികൾ തുടരുമെന്നും നിരവധിപേർ എക്സൈസ് നിരീക്ഷണത്തിലുണ്ടെന്നും ഇൻസ്പെക്ടർ അറിയിച്ചു. അറസ്റ്റിലായ റിനേഷിനെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് പ്രതിയെ മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.