സ്‌കൂട്ടറിന്റെ വരവിൽ ആകെ പന്തികേട്; പിടിച്ചുനിർത്തി പരിശോധിച്ചു; വണ്ടിയുടെ എന്‍ജിന്‍ ഭാഗത്ത് ഒരു പൊതി; കഞ്ചാവുമായി യുവാവ് കുടുങ്ങി; കൈയ്യോടെ പൊക്കി എക്‌സൈസ്
പുല്‍പ്പള്ളി: സ്‌കൂട്ടറില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ കുടുക്കി എക്‌സൈസ്. കോഴിക്കോട് താമരശ്ശേരി സ്വദേശി ഉനൈസ് (40) ആണ് പിടിയിലായത്. കേരള - കര്‍ണാടക അതിര്‍ത്തിയായ പുല്‍പ്പള്ളിയിലാണ് സംഭവം നടന്നത്. 115 ഗ്രാം കഞ്ചാവ് പ്രതിയില്‍ നിന്നും കണ്ടെടുത്തു.
ഉച്ചയോടെ ഇരുചക്രവാഹനത്തില്‍ എത്തിയ ഉനൈസിനെ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.സ്‌കൂട്ടറിന്റെ എന്‍ജിന്‍ ഭാഗത്ത് ആര്‍ക്കും സംശയം തോന്നാത്ത നിലയില്‍ ഒളിപ്പിച്ചു വെച്ച കഞ്ചാവ് പൊതി വാഹനത്തിന്റെ ഭാഗങ്ങള്‍ അഴിച്ചുമാറ്റി ഏറെ നേരം പണിപ്പെട്ടാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.
ഇയാളുടെ സ്‌കൂട്ടറും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. കേരളാ എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നുള്ള സംഘവുമാണ് പരിശോധന നടത്തിയത്.