ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ കുടുംബത്തിന് സഹായവുമായി രമേശ് ചെന്നിത്തല; 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും
ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ കുടുംബത്തിന് സഹായവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വേണുവിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനാണ് തീരുമാനം. പ്രീമിയം തുക രമേശ് ചെന്നിത്തല അടയ്ക്കും. വേണുവിന്റെ കുടുംബത്തിന് വേണുവിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വേണുവിന്റെ കുടുംബത്തെ ഇന്നലെ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെല്ലാം പരിതാപകരമായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രി ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യയല്ല. ഇത്ര ഗതികെട്ട ആരോഗ്യ വകുപ്പിനെ വേറെ കണ്ടിട്ടില്ല. സര്‍ക്കാര്‍ അന്വേഷണം നടത്തണം. ഇത് മെഡിക്കല്‍ കോളജ് നടത്തിയ കൊലപാതകമാണ്. ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം. പാവങ്ങള്‍ക്ക് നീതിയില്ലാത്ത അവസ്ഥയാണ്. ഇതാണോ നമ്പര്‍ വണ്‍ കേരളമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സംസ്ഥാനത്തുടനീളം ആരോഗ്യരംഗം താറുമാറാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ് കൂട്ടിരിപ്പുകാരന്‍ മരിച്ചു. പല ആശുപത്രികളിലും അവശ്യ സാമഗ്രികള്‍ ഇല്ലാത്തതുകൊണ്ട് പല സര്‍ജറികളും നടക്കുന്നില്ല. കാലാവധി കഴിഞ്ഞ് മരുന്നു കൊടുത്തത് മൂലം കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്കുണ്ടായ പ്രതിസന്ധികള്‍ ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. ഇത്തരത്തിലുള്ള അടിയന്തര പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് പകരം സര്‍ക്കാര്‍ പി.ആര്‍ ക്യാമ്പയിനുകളില്‍ ശ്രദ്ധിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.