പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ദോഷം; ശബരിമലയിൽ ഷാംപൂ പാക്കറ്റുകൾ വിലക്കി; രാസ കുങ്കുമത്തിന്റെ വിൽപന തടഞ്ഞു; ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകളുടെ (സാഷെകൾ) ഉപയോഗം വിലക്കി ഹൈക്കോടതി. പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം. കൂടാതെ, പമ്പയിലും സന്നിധാനത്തും രാസകുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ഈ ഉത്തരവുകൾ കർശനമായി നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകി.
മണ്ഡല-മകരവിളക്ക് തീർഥാടനകാലം അടുത്തിരിക്കെ, ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിശോധിക്കുകയായിരുന്നു. തീർഥാടനത്തിനുള്ള 52 ഇടത്താവളങ്ങളിലെ ഒരുക്കങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇടത്താവളങ്ങളിലെ സൗകര്യങ്ങളെക്കുറിച്ചുള്ള സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷമാണ് കോടതിയുടെ ഈ നിർദ്ദേശങ്ങൾ.
എരുമേലിയിലെ വലിയതോട്ടിൽ നിന്ന് മാലിന്യം നീക്കം ചെയ്തതായി ഗ്രാമപഞ്ചായത്ത് കോടതിയെ അറിയിച്ചു. ശബരിമല തീർഥാടകരിൽ പലരും പേട്ടയ്ക്ക് മുൻപും ശേഷവും ഈ തോട്ടിലാണ് കുളിക്കുന്നത്. തോട്ടിൽ കണ്ടെത്തിയ വലിയ തോതിലുള്ള മാലിന്യം നീക്കം ചെയ്തതായും പഞ്ചായത്ത് അറിയിച്ചു.. കൂടാതെ, ശബരിമലയിലെ 52 ഇടത്താവളങ്ങളിലെ സൗകര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് ദേവസ്വം ബോർഡ് കോടതിയിൽ സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.