വീട്ടിൽ അതിക്രമിച്ചു കയറി; തലയിൽ തുണിയിട്ട് മൂടി; വയോധികയുടെ മാല കവർന്നു; അയൽവാസികളുടെ മൊഴിയിൽ കുടുങ്ങി; കേസിൽ സ്ത്രീ അറസ്റ്റിൽ

Update: 2025-02-16 14:29 GMT

പത്തനംതിട്ട : പത്തനംതിട്ട ചന്ദനപള്ളിയിൽ തലയിൽ തുണിയിട്ട് മൂടിയ ശേഷം വയോധികയുടെ മാല കവർന്ന പ്രതി അറസ്റ്റിൽ. ചന്ദനപള്ളി സ്വദേശി 84കാരി മറിയാമ്മ സേവിയറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ഉഷ എന്ന സ്ത്രീയാണ് കൃത്യം നടന്ന് അരമണിക്കൂറിനുള്ളിൽ പിടിയിലായത്. ബന്ധുക്കളായ അയൽവാസികൾ നൽകിയ സൂചന പ്രകാരം ഇടത്തിട്ട സ്വദേശി ഉഷയെ കൊടുമൺ പൊലീസ് അരമണിക്കൂറിനുള്ളിൽ പിടികൂടി.

ഉഷ, മറിയാമ്മയുടെ വീട്ടിൽ മുൻപ് വീട്ടുജോലിക്ക് വന്നിട്ടുണ്ട്. വീട്ടിൽ സ്ഥിരം വരുന്ന ജോലിക്കാരിയെന്ന് കരുതിയാണ് മറിയാമ്മ വാതിൽ തുറന്നത്. പിന്നാലെ അകത്തേക്ക് ചാടിക്കടന്ന സ്ത്രീ തുണിയുപയോഗിച്ച് മറിയാമ്മയുടെ മുഖം മൂടിയതിന് പിന്നാലെ മാല കവർന്ന് കടന്ന് കളയുകയായിരുന്നു.

ആരാണ് മാല കവർന്നതെന്ന് മറിയാമ്മക്ക് വ്യക്തമായിരുന്നില്ല. പക്ഷേ ഉഷ വീട്ടിൽ നിന്നും നടന്ന് പോകുന്നത് മറിയാമ്മയുടെ ബന്ധു അവരുടെ വീട്ടിൽ വെച്ച് കണ്ടിരുന്നു. ഇതാണ് കേസിൽ നിർണായകമായത്. സൂചന ലഭിച്ചതോടെ പൊലീസ് ഉഷയുടെ വീട്ടിലെത്തി. മറിയാമ്മയുടെ മൂന്നരപവന്റെ മാല ഉഷയുടെ വീട്ടിൽ നിന്നും കണ്ടെടുക്കുകയായിരുന്നു.

Tags:    

Similar News