തിരക്കുള്ള ട്രെയിനുകളിൽ കയറി മൊബൈൽ ഫോണുകൾ കവരും; പിന്നാലെ ഷർട്ട് മാറി മുങ്ങും; മോഷണ വസ്തുക്കൾ കുറഞ്ഞ വിലയ്ക്ക് വിൽക്കും; പിടിയിലായത് അന്തർ സംസ്ഥാന മോഷ്ടാവ്
തിരുവനന്തപുരം: തിരക്കേറിയ ട്രെയിനുകളിൽ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്ന അന്തർസംസ്ഥാന മോഷ്ടാവ് ആസാദ് മിയ (22) റെയിൽവേ സംരക്ഷണ സേനയുടെ (ആർപിഎഫ്) പിടിയിൽ. പശ്ചിമ ബംഗാളിലെ മാൾഡ സ്വദേശിയായ ഇയാൾ, തിരുവനന്തപുരത്തുനിന്നും കന്യാകുമാരി, കൊല്ലം, ബംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്ന ട്രെയിനുകളിൽ യാത്രക്കാർക്കൊപ്പം കയറിയാണ് മോഷണം നടത്തിയിരുന്നത്.
പ്രതിയുടെ കയ്യിൽ നിന്ന് മോഷ്ടിക്കപ്പെട്ട മൊബൈലുകളും കണ്ടെടുത്തു. പകൽ സമയങ്ങളിൽ തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ട്രെയിനുകളിലാണ് പ്രതി പ്രധാനമായും മോഷണം നടത്തിയിരുന്നത്. തിരക്കേറിയ ട്രെയിനുകളിൽ സ്ത്രീകളുടെ ബാഗുകളിൽ നിന്നും പുരുഷന്മാരുടെ പോക്കറ്റുകളിൽ നിന്നും മൊബൈലുകൾ മോഷ്ടിക്കുന്നതാണ് രീതി.
ജനറൽ കോച്ചിൽ മറ്റ് യാത്രക്കാർക്കൊപ്പം കയറുന്ന ഇയാൾ, മോഷണം നടത്തിയ ശേഷം ട്രെയിനിനുള്ളിൽ വെച്ച് തന്നെ ഷർട്ട് മാറ്റി അതിവേഗം ട്രെയിനിൽ നിന്നിറങ്ങി റെയിൽവേ സ്റ്റേഷൻ പരിധി വിട്ട് രക്ഷപ്പെടാറുണ്ടായിരുന്നു. ഇത്തരത്തിൽ വേഷം മാറുന്നതിനാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിയാൻ പ്രയാസപ്പെട്ടിരുന്നതായി ആർപിഎഫ് അറിയിച്ചു.
മോഷ്ടിച്ച മൊബൈലുകൾ കുറഞ്ഞ വിലയ്ക്ക് അതിഥി തൊഴിലാളികൾക്ക് വിൽക്കുകയായിരുന്നു ഇയാളുടെ പതിവ്. ഇതിലൂടെ ലഭിക്കുന്ന പണം ലഹരി ഉപയോഗത്തിനായാണ് ഇയാൾ വിനിയോഗിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. മോഷണത്തിന് ശേഷം പവർ ഹൗസ് റോഡ് വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.