മൊബൈൽ വഴി അശ്ലീല വീഡിയോകൾ കാണിച്ച് ആൺകുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ ട്യൂഷൻ അധ്യാപകന് 30 വർഷം തടവും പിഴയും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ട്യൂഷൻ അധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മൊട്ടമൂട് സിഎസ്ഐ ചർച്ചിന് സമീപം താമസക്കാരനായ ഉത്തമനെ (50)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാര്‍ ശിക്ഷിച്ചത്.
പിഴത്തുക കുട്ടിക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ എട്ട് മാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കണമെന്നും തുക അപര്യാപ്തമായതിനാൽ മതിയായ നഷ്ടപരിഹാരം കുട്ടിക്ക് ലഭ്യമാക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. 2023 ഒക്ടോബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.
വീട്ടിൽ ട്യൂഷനായി എത്തിയ കുട്ടിയെ 50കാരൻ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിച്ചായിരുന്നു പീഡനം. മാനസികമായി തകർന്ന കുട്ടി പിന്നാലെ വീട്ടിലെത്തിയ ശേഷം അമ്മയോട് വിവരം പറയുകയായിരുന്നു. ഇതിന് പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി. ആർ. പ്രമോദ് ഹാജരായി.