പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 54 വയസ്സുകാരനെ കഠിന തടവിന് വിധിച്ച് കോടതി; ഇനി 14 വർഷം അഴിയെണ്ണണം

Update: 2026-01-30 15:58 GMT

തൃശൂർ: പ്രായപൂർത്തിയാകാത്ത ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 54 വയസ്സുകാരന് 14 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. ഏങ്ങണ്ടിയൂർ ചേറ്റുവ കുണ്ടലിയൂർ ദേശത്ത് പുതിയ വീട്ടിൽ റഷീദ് (54) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ഏഴ് മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയായ ബാലികയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.

2023 സെപ്തംബർ ഒന്നിനും ഒക്ടോബർ 23നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം അറിഞ്ഞ വീട്ടുകാർ ചാവക്കാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. സിവിൽ പോലീസ് ഓഫീസർ സംഗീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ അനിൽകുമാർ കേസ് രജിസ്റ്റർ ചെയ്തു. സബ് ഇൻസ്പെക്ടർ സെസിൽ ക്രിസ്ത്യൻ രാജ് പ്രാഥമിക അന്വേഷണം നടത്തുകയും ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാൽ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

പ്രോസിക്യൂഷനു വേണ്ടി 16 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. വിസ്താര വേളയിൽ അതിജീവിതയും വീട്ടുകാരും കൂറുമാറി പ്രതിക്കനുകൂലമായി മൊഴിമാറ്റി പറഞ്ഞിരുന്നുവെങ്കിലും, പ്രോസിക്യൂട്ടർ നടത്തിയ തുടരന്വേഷണത്തിൽ കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. സിവിൽ പോലീസ് ഓഫീസർമാരായ എം. ആർ. സിന്ധു, എ. പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിൽ പ്രോസിക്യൂഷനെ സഹായിച്ചു.

Tags:    

Similar News