മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച സംഭവം; രണ്ട് പേർ പിടിയിൽ; ഒത്തുതീർപ്പിന് വഴങ്ങില്ലെന്ന് കുടുംബം
പാലക്കാട്: മകളുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പിരായിരി ഉണ്ണിയാംകുന്ന് സ്വദേശി ആഷിഫ് (28), സുഹൃത്ത് മേപ്പറമ്പ് പള്ളിക്കുളം സ്വദേശി ഷഫീഖ് (27) എന്നിവരെയാണ് ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. മേപ്പറമ്പ് സ്വദേശിയായ റഫീഖിന്റെ ഓട്ടോറിക്ഷയാണ് പ്രതികൾ കത്തിച്ചത്.
ശനിയാഴ്ച അർധരാത്രിയിലാണ് സംഭവം. 15 വയസുകാരിയായ മകളെ ആഷിഫ് പിറകെ നടന്ന് ശല്യം ചെയ്തത് പിതാവ് ചോദ്യം ചെയ്യുകയും താക്കീത് നൽകുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധത്തിലാണ് കുടുംബത്തിന്‍റെ ഏക വരുമാനമാർഗമായ ഓട്ടോറിക്ഷ കത്തിച്ചത്. ഗ്യാസിലോടുന്ന ഓട്ടോറിക്ഷയായിരുന്നു. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു.
വീടിനും സാരമായ കേടുപാട് പറ്റി. വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്. കേസ് ഒത്തുതീർപ്പാക്കാൻ പ്രതിയുടെ ബന്ധുക്കൾ ശ്രമിക്കുന്നതായി പരാതി ഉയരുന്നുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് റഫീഖിന്റെ കുടുംബ സുഹൃത്തിനെ കണ്ടു. ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് കുടുംബം അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളുടെ തുടർനടപടികൾ തിങ്കളാഴ്ച നടത്തുമെന്ന് പോലീസ് അറിയിച്ചു.