വശം നല്‍കിയില്ലെന്ന് ആരോപിച്ച് റിട്ട. പ്രൊഫസറുടെ കാര്‍ തടഞ്ഞു; കൈവള കൊണ്ട് മൂക്കിന്റെ പാലം ഇടിച്ചുതകര്‍ത്ത കേസില്‍ പ്രതി പിടിയില്‍

റിട്ട. പ്രൊഫസറുടെ മൂക്കിന്റെ പാലം ഇടിച്ചുതകര്‍ത്ത കേസില്‍ പ്രതി പിടിയില്‍

Update: 2024-09-25 15:04 GMT

തിരുവല്ല: വശം നല്‍കിയില്ലെന്ന് ആരോപിച്ച് റിട്ട. പ്രഫസറുടെ കാര്‍ തടഞ്ഞ ശേഷം കൈവളകൊണ്ട് ആക്രമിച്ച് മൂക്കിന്റെ അസ്ഥി ഇടിച്ചുതകര്‍ത്ത കേസില്‍ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര ബ്ലോക്ക് ഓഫീസിന് സമീപം കല്ലുപ്പുറത്ത് കൊട്ടാരത്തില്‍ വീട്ടില്‍ ആന്റണി ജോര്‍ജ്(62) നാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

കടപ്ര പുളിക്കീഴ് പള്ളിക്ക് സമീപം വളഞ്ഞവട്ടം പെരുമ്പുഞ്ചയില്‍ എബി മാത്യു (41) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. പുളിക്കീഴ് ബ്ലോക്ക് ഓഫീസിന് സമീപം കഴിഞ്ഞ 11 ന് ഉച്ചക്ക് 12.45 നാണ് സംഭവം. മാവേലിക്കര ഭാഗത്തുനിന്ന് തിരുവല്ലയിലേക്ക് കാര്‍ ഓടിച്ച് വരികയായിരുന്നു ആന്റണി ജോര്‍ജ്. മോട്ടോര്‍സൈക്കിളില്‍ വന്ന പ്രതി തനിക്ക് കടന്നുപോകാന്‍ വശം നല്‍കിയില്ല എന്ന പേരില്‍ കാര്‍ തടയുകയും അസഭ്യം വിളിച്ചു കൊണ്ടു കയ്യില്‍ ധരിച്ചിരുന്ന വളകൊണ്ട് മൂക്കിലും തുടര്‍ന്ന് വലതു കണ്ണിന് താഴെയും ഇടിക്കുകയായിരുന്നു. മൂക്കിലെ അസ്ഥിക്ക് പൊട്ടലും വലതുകണ്ണിന് താഴെമുറിവും ഉണ്ടായി.

മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് എസ് ഐ കുരുവിള സക്കറിയയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. തുടക്കത്തില്‍ പ്രതിയെപ്പറ്റിയോ ഇയാള്‍ സഞ്ചരിച്ച വാഹനത്തെപ്പറ്റിയോ വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നില്ല. എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വ്യാപകമാക്കിയ തെരച്ചിലില്‍ പ്രതിയെ പിടി കൂടുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതി സഞ്ചരിച്ച വാഹനത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന പുളിക്കീഴുനിന്നും ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി കയ്യില്‍ ധരിച്ചിരുന്ന ആക്രമിക്കാന്‍ ഉപയോഗിച്ച വള പോലീസ് പിടിച്ചെടുക്കുകയു, ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അന്വേഷണസംഘത്തില്‍ എസ് ഐ കെ സുരേന്ദ്രന്‍, എസ് ഐ കുരുവിള, എ എസ് ഐ രാജേഷ്, എസ് സിപി ഓ അനീഷ്, സിപി മാരായ രഞ്ജു, വിനീത്, രജീഷ്, സുജിത്ത് എന്നിവരാണ് ഉള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News