മദ്യലഹരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കെത്തി; അസിസ്റ്റന്റ് കമാൻഡന്റിനെതിരെ നടപടി
കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാ ചുമതലയ്ക്ക് മദ്യപിച്ച് എത്തിയതിനെ തുടർന്ന് കെ.എ.പി ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കെ.എ.പി ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡന്റായ എസ്. സുരേഷാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മദ്യലഹരിയിൽ ഡ്യൂട്ടിക്കെത്തിയത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സഹപ്രവർത്തകർ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നെടുമ്പാശ്ശേരി പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മുൻപ് പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കെത്തിയ ഒരുദ്യോഗസ്ഥനെയും സമാനമായ സാഹചര്യത്തിൽ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. വൈദ്യപരിശോധനാ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് എസ്. സുരേഷിനെതിരെ കൂടുതൽ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.