ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്; പത്താംക്ലാസ് തുല്യത നേടുക ലക്ഷ്യം; അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്. നടൻ പരീക്ഷ പാസായ വിവരം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. താരത്തെ അഭിനന്ദിച്ചു വിദ്യാഭ്യാസ മന്ത്രി ഫെയ്സ്ബുക്കിൽ ചിത്രവും കുറിപ്പും പങ്കുവച്ചു. ‘‘അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ഇന്ദ്രൻസ് വിജയിച്ചു. ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 പേർക്കും അഭിനന്ദനങ്ങൾ’’ എന്നായിരുന്നു വിദ്യാഭാസ മന്ത്രിയുടെ കുറിപ്പ്
അറുപത്തിയെട്ടാം വയസിൽ ഏഴാം ക്ലാസ് പരീക്ഷ എഴുതിയ താരം ഫലമറിയുമ്പോള്‍ വയനാട്ടില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു. പത്താം ക്ലാസ്സ് തുല്യത നേടണമെന്നാണ് താരത്തിന്റെ ആഗ്രഹം. ഏഴാംക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടപ്രകാരം ആണ് ഇന്ദ്രൻസ് ഏഴാംക്ലാസ് പരീക്ഷ എഴുതാൻ തയ്യാറാകുന്നത്. നവകേരളസദസ്സിന്റെ ചടങ്ങിൽ പങ്കെടുക്കവേയാണ് തുടർപഠനത്തിന് ഇന്ദ്രൻസ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. 500ല്‍ 297 മാര്‍ക്ക് നേടിയാണ് ഇന്ദ്രന്‍സിന്‍റെ വിജയം.