ഏത് കേസിലാണ് സിബിഐ മികച്ച അന്വേഷണം നടത്തിയത്? അഞ്ചെണ്ണം പറയാമോ? ശബരിമല സ്വര്‍ണ്ണക്കൊള്ളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിക്കാരെ കുടഞ്ഞ് ഹൈക്കോടതി

ഏത് കേസിലാണ് സിബിഐ മികച്ച അന്വേഷണം നടത്തിയത്? അഞ്ചെണ്ണം പറയാമോ?

Update: 2026-02-13 11:50 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജികളില്‍ ഹര്‍ജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഏത് കേസിലാണ് സിബിഐ മികച്ച രീതിയില്‍ അന്വേഷണം നടത്തിയതെന്നും, അടുത്തകാലത്ത് സിബിഐ തെളിയിച്ച അഞ്ച് കേസുകളുടെ നമ്പരുകള്‍ ഹാജരാക്കാന്‍ സാധിക്കുമോ എന്നും കോടതി ആരാഞ്ഞു.

എന്തുകൊണ്ടാണ് ഈ കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്ന് ചോദിച്ച കോടതി, ഹര്‍ജിക്കാര്‍ നിയമങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണമെന്നും ഓര്‍മിപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാത്ത അന്വേഷണത്തിനായി സിബിഐ വേണമെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, എസ്‌ഐടി അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്നും അതിന്റെ പുരോഗതി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

അതേസമയം, സ്വര്‍ണക്കൊള്ളക്കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള കേസില്‍ കക്ഷിചേരാന്‍ എം ആര്‍ അജയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണനാര്‍ഹല്ലെന്നു വിലയിരുത്തി ഹൈക്കോടതി തള്ളി. അവധിക്കാല ബെഞ്ചില്‍ നാല് കേസുകള്‍ അത്യാവശ്യമെന്നനിലയില്‍ എടുപ്പിച്ചശേഷം അഭിഭാഷകന്‍ ഹാജരാകാതിരുന്നതിന്റെ പേരില്‍ ഹര്‍ജിക്കാരന് ഹൈക്കോടതി നേരത്തേ 40000 രൂപ പപിഴ ചുമത്തിയിരുന്നു.

Tags:    

Similar News