ടെക്‌നോപാര്‍ക്ക് ഭൂമി കൈമാറും; അഭിഭാഷക ക്ഷേമനിധി ആക്ടില്‍ ഭേദഗതി; പരമാവധി ആനുകൂല്യം ഇരുപത് ലക്ഷം; എന്‍.ടി.പി.സിയുമായുള്ള വൈദ്യുതി വാങ്ങല്‍ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു: മന്ത്രിസഭാ തീരുമാനങ്ങള്‍

അഭിഭാഷക ക്ഷേമനിധി ആക്ടില്‍ ഭേദഗതി; പരമാവധി ആനുകൂല്യം ഇരുപത് ലക്ഷം

Update: 2026-02-13 11:58 GMT

തിരുവനന്തപുരം: 1980ലെ അഭിഭാഷക ക്ഷേമനിധി ആക്ടില്‍ ഭേദഗതി വരുത്തും. 2026ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ബില്‍ അംഗീകരിച്ചു. പ്രാക്ടീസ് അവസാനിപ്പിക്കുമ്പോള്‍ നല്‍കുന്ന ആനുകൂല്യത്തിന്റെയും മരണാനന്തരം നല്‍കുന്ന ആനുകൂല്യത്തിന്റെയും നിലവിലുള്ള പത്തു ലക്ഷം രൂപ എന്ന പരിധി ഉയര്‍ത്തി പരമാവധി മൊത്തം തുക ഇരുപത് ലക്ഷം രൂപയായി വര്‍ധിപ്പിക്കും.

പ്രധാനമായ ശസ്ത്രക്രിയകള്‍ക്കും ക്യാന്‍സര്‍ ചികിത്സയ്ക്കുമുള്ള സാമ്പത്തിക സഹായം നിലവിലുള്ള ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിക്കും.

ചങ്ങനാശ്ശേരിയില്‍ കോടതി

ചങ്ങനാശ്ശേരിയില്‍ ഒരു അഡീഷണല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്ഥാപിക്കും.

കരാര്‍ ദീര്‍ഘിപ്പിക്കും

എന്‍.ടി.പി.സിയുമായുള്ള വൈദ്യുതി വാങ്ങല്‍ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നതിന് കെ.എസ്.ഇ.ബി.എല്ലിന് അനുമതി നല്‍കി.

ശമ്പള പരിഷ്‌കരണം

സഹകരണ സര്‍വ്വീസ് പരീക്ഷ ബോര്‍ഡ് ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്‌കരണം വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിക്കും. പത്താം ശമ്പള പരിഷ്‌കരണം അനുവദിച്ച നടപടി സാധൂകരിച്ചു.

ഭൂമി കൈമാറ്റം

ടെക്‌നോപാര്‍ക്കിന്റെ കൈവശമുള്ള 4.74 ഏക്കര്‍ ഭൂമിയുടെ അവകാശം നിബന്ധനകള്‍ക്ക് വിധേയമായി KSPACE ന് കൈമാറ്റം ചെയ്യുന്നതിന് അനുമതി നല്‍കി. ടെക്‌നോപാര്‍ക്ക് KSPACE-ന് കൈമാറേണ്ടിയിരുന്ന 18.56 ഏക്കര്‍ ഭൂമിയില്‍ നിന്ന് 3.67 ഏക്കര്‍ ഭൂമി മഴവെള്ളസംഭരണ സംവിധാനത്തിന്റെ നിര്‍മ്മാണത്തിന് നീക്കിവച്ചതിനു പകരമായാണിത്.

ടെണ്ടര്‍ അംഗീകരിച്ചു

ഹരിപ്പാട് നഗരസഭയിലെ ആധുനിക വാതക ശ്മശാന നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു.

കാലാവധി ദീര്‍ഘിപ്പിച്ചു

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ടര്‍ ലിമിറ്റഡ് മാനജിംഗ് ഡയറക്ടര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയിലും കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് മാനജിംഗ് ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ തസ്തികകളുടെ അധിക ചുമതലയും വഹിച്ചു വരുന്ന ഡോ.സന്തോഷ് ബാബുവിന്റെ സേവനകാലം 10.10.2025 മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് ദീര്‍ഘിപ്പിച്ചു.

Tags:    

Similar News