''മനാഫ് ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമല്ല, അയാൾ നല്ലൊരു മനുഷ്യനാണ്''; പിന്തുണച്ച് അഖിൽ മാരാർ
കൊച്ചി: ലോറി ഉടമ മനാഫിന് പിന്തുണയുമായി സംവിധായകനും ബിഗ് ബോസ് വിജേതാവുമായ അഖിൽ മാരാർ. മനാഫ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത് മഹാപരാധമായി തനിക്ക് കാണാൻ കഴിയില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഖിൽ മാരാർ അഭിപ്രായപ്പെട്ടത്. മാത്രമല്ല മനാഫല്ല മാധ്യമ പ്രവർത്തകരാണ് അർജുനെ വിട്ട് കാശാക്കാൻ നോക്കിയതെന്നും അഖിൽ മാരാർ വിമർശിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ശെരിയും തെറ്റും ചർച്ച ചെയ്യാം... യൂട്യൂബ് ചാനൽ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാൻ എനിക്ക് കഴിയില്ല.. മറിച്ചു വേണ്ടപെട്ടവരെ ഒരാഴ്ച കഴിയുമ്പോൾ മറക്കുന്ന മനുഷ്യർ ഉള്ള നാട്ടിൽ 72 ദിവസം ഒരാൾ മറ്റൊരാൾക്ക് വേണ്ടി മാറ്റി വെച്ചത് ചെറിയ കാര്യമല്ല..
കുഴിയിൽ വീണ സുഭാഷിനെ നീ എടുത്തില്ലെങ്കിൽ ഞാൻ എടുക്കും എന്ന് പറഞ്ഞ കൂട്ടുകാരൻ കാണിച്ച ആത്മാർത്ഥത ഭാവിയിൽ സിനിമ ആകും എന്ന ചിന്തയിൽ അല്ല.. ഉള്ളിലെ സത്യം സിനിമ ആയി സംഭവിച്ചതാണ്...
മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാൾ സൃഷ്ടിച്ചതല്ല അയാളുടെ ആത്മാർത്ഥതയ്ക്ക് സ്വഭാവികമായി സംഭവിച്ചതാണ്... ഇനി അർജുനെ വിറ്റ് കാശാക്കിയവരെ എതിർക്കണം എന്നതാണ് ആഗ്രഹം എങ്കിൽ കേരളത്തിലെ എല്ലാ മാധ്യമങ്ങളേയും നിങ്ങൾ വിമർശിക്കുക...
മനാഫിനെതിരെ നിരവധി പോസ്റ്റുകൾ ഞാൻ കണ്ടു.. പക്ഷെ ഒരാൾ പോലും അയാൾ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ല... ചുരുക്കത്തിൽ കേരളം ഒരു ഭ്രാന്താലയം ആണെന്ന് ലോകത്തോട് ഉറപ്പിക്കാൻ ഒരാളുടെ പേരും മതവും നോക്കി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ വരുന്നത് അപകടകരമായ കാഴ്ചയാണ്.. ഞാൻ കണ്ട കാഴ്ച്ചയിൽ മനാഫ് മനുഷ്യനാണ്...
നേരത്തെ,അര്‍ജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയില്‍ പോലീസ് മനാഫിനെതിരെ കേസെടുത്തിരുന്നു. അര്‍ജുന്റെ ചിത്രം ഉപയോഗിച്ച് 'ലോറി ഉടമ മനാഫ്' എന്ന പേരില്‍ യുട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇതുവഴി അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. കുടുംബം വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെ സൈബറാക്രമണം രൂക്ഷമായെന്നും സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്താന്‍ മനാഫ് കാരണക്കാരനായെന്നും പരാതിയില്‍ പറയുന്നു. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമം നടത്തിയതിനുള്ള വകുപ്പ് ചുമത്തിയാണ് ലോറി ഉടമ മനാഫ് അടക്കമുള്ളവരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്.