രോഗിയുമായി സൈറൺ മുഴക്കി പാഞ്ഞെത്തിയ ആംബുലൻസ്; കുമ്പള ടോൾ പ്ലാസയിലെത്തിയതും കുടുങ്ങി; മിനിട്ടുകളോളം കിടന്നിട്ടും ഗേറ്റ് തുറക്കാതെ അധികൃതർ
By : സ്വന്തം ലേഖകൻ
Update: 2026-01-29 11:55 GMT
കാസർകോട്: കുമ്പള ആരിക്കാടി ടോൾ പ്ലാസയിൽ പരീക്ഷണാടിസ്ഥാനത്തിൽ ടോൾ പിരിവ് തുടങ്ങിയതോടെ യാത്രക്കാർ വലയുന്നു. ബുധനാഴ്ച ടോൾ പിരിവ് ആരംഭിച്ചതിന് പിന്നാലെ മംഗലാപുരത്തേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസ് പത്തു മിനിറ്റോളം ടോൾ ബൂത്തിൽ കുടുങ്ങിക്കിടന്നു. സൈറൺ മുഴക്കിയിട്ടും ടോൾ അധികൃതർ ബാരിക്കേഡ് തുറന്നു വിടാൻ തയ്യാറായില്ലെന്നാണ് പരാതി.
ബുധനാഴ്ച രാവിലെ ടോൾ പിരിവ് ആരംഭിച്ചതോടെ പ്ലാസയ്ക്ക് ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടയിലേക്കാണ് രോഗിയുമായി വന്ന ആംബുലൻസ് എത്തിയത്. ആംബുലൻസ് കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ടോൾ അധികൃതർക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസുകൾക്ക് മുൻഗണന നൽകണമെന്ന ചട്ടം ലംഘിക്കപ്പെട്ടതായാണ് ആക്ഷേപം.