കാലിന് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തി; പിന്നാലെ നടത്തിയ പരിശോധനയിൽ ഞെട്ടൽ; സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു; രോഗ ഉറവിടം കണ്ടെത്താനാകാതെ അധികൃതർ
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഈ മാസം മാത്രം നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തു. ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ 57-കാരനായ വിജയനാണ് ഏറ്റവും ഒടുവിൽ രോഗം ബാധിച്ച് മരിച്ചത്. കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന് ഒരാഴ്ച മുൻപ് പനിയെ തുടർന്നാണ് ചികിത്സ ആരംഭിച്ചത്. ചികിത്സക്കിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഈ മാസം മാത്രം സംസ്ഥാനത്ത് ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ 160 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 36 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവരിലും നീന്തുന്നവരിലും ഈ രോഗം പടർന്നുപിടിക്കാനുള്ള സാധ്യതയുണ്ട്. 97 ശതമാനത്തിലധികം മരണനിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ രോഗം അതീവ ഗുരുതരമാണ്.
30 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂടുവെള്ളത്തിലാണ് നൈഗ്ലെറിയ ഫൗലേറി എന്നയിനം അമീബയുടെ സാന്നിധ്യം കാണപ്പെടുന്നത്. വാട്ടർടാങ്കുകളിലെ വെയിലേറ്റുള്ള ചൂടുവെള്ളത്തിലും ഇവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വളർത്തുമൃഗങ്ങളിലേക്കും ഈ രോഗം പടരാൻ സാധ്യതയുണ്ട്.