ആറന്മുള ഉതൃട്ടാതി വള്ളംകളി നാളെ; വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്; ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം
ആറന്മുള ഉതൃട്ടാതി വള്ളംകളി നാളെ
പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവത്തോടനുബന്ധിച്ചു വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് അറിയിച്ചു. എസ്.പിയുടെ മേല്‍നോട്ടത്തില്‍ അഡീഷണല്‍ എസ്.പി, എട്ട് ഡിവൈ.എസ്.പിമാര്‍, 21 ഇന്‍സ്പെക്ടര്‍മാര്‍, 137 എസ്.ഐ/എ.എസ്.ഐ എന്നിവര്‍ ഉള്‍പ്പെടെ 625 ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുള്ളത്. ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ഒമ്പത് ഡിവിഷനുകളായി തിരിച്ചാണ് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്.
ജലമേളയുടെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ബ്രീഫിങ് നാളെ രാവിലെ 10ന് തെക്കേമല എം.ജി.എം ഓഡിറ്റോറിയത്തില്‍ നടക്കും. ജലോത്സവത്തിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റ് ആയ പരപ്പുഴ കടവിലേക്കും ഫിനിഷിങ് പോയിന്റ് ആയ സത്രക്കടവിലേക്കും ഉള്ള റോഡുകളിലെ ഗതാഗത തടസം ഒഴിവാക്കുന്നതിനായി തെക്കേമല മുതല്‍ അയ്യന്‍കോയിക്കല്‍ ജങ്ഷന്‍ വരെയും ഐക്കര ജംഗ്ഷന്‍ മുതല്‍ കോഴിപ്പാലം വരെയും പഴയ സ്റ്റേഷന്‍ മുതല്‍ കിഴക്കേനട വഞ്ചിത്ര റോഡിലെയും ഇരുവശങ്ങളിലുമുള്ള വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.
വള്ളംകളി കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പൊന്നുംതോട്ടം ടെമ്പിള്‍ ഗ്രൗണ്ട്, പരമുട്ടില്‍ പടി ജങ്ഷന്‍, പ്രയര്‍ഹാള്‍ ഗ്രൗണ്ട്, ഗവ. വി.എച്ച്.എസ്.ഇ സ്‌കൂള്‍ ഗ്രൗണ്ട്, വിജയാനന്ദ വിദ്യാലയ സ്‌കൂള്‍ ഗ്രൗണ്ട്, എസ്.വി.ജി വി എച്ച് എസ് എസ് നാല്‍ക്കാലിക്കല്‍ സ്‌കൂള്‍ ഗ്രൗണ്ട്, ആറന്മുള എന്‍ജിനീയറിങ് കോളേജ് ഗ്രൗണ്ട്, കോഴഞ്ചേരി മാര്‍ത്തോമ സ്‌കൂള്‍ ഗ്രൗണ്ട്,കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ട്, പോലീസ് ക്വാര്‍ട്ടേഴ്സ് ഗ്രൗണ്ട്(സര്‍ക്കാര്‍ വാഹനങ്ങള്‍) എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗതാഗതക്രമീകരണത്തിന്റെ ഭാഗമായി സത്രക്കടവിന് മുന്‍വശം ചെങ്ങന്നൂര്‍ റോഡില്‍ തിരക്ക് ഒഴിവാക്കുന്നതിന് കോഴഞ്ചേരി ഭാഗത്തു നിന്നും ചെങ്ങന്നൂര്‍ ഭാഗത്തേക്കുമുള്ള എല്ലാ വാഹനങ്ങളും ഐക്കര മുക്കില്‍ നിന്നും കിടങ്ങന്നൂര്‍, കുറിച്ചിമുട്ടം, മാലക്കര വഴിയും ചെങ്ങന്നൂര്‍ ഭാഗത്തു നിന്നും കോഴഞ്ചേരി ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും ആഞ്ഞിലിമൂട്ടില്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പുല്ലാട് എത്തി കോഴഞ്ചേരിക്കും പോകേണ്ടതാണ്.
റോഡ് ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന തരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. പരപ്പുഴ കടവ് മുതല്‍ സത്രക്കടവ് വരെയുള്ള ഭാഗത്ത് പമ്പാനദിയില്‍ പോലീസ് ബോട്ട് പട്രോളിങ് ഏര്‍പ്പെടുത്തി. വള്ളംകളിക്ക് തടസം ഉണ്ടാക്കുന്ന തരത്തില്‍ ട്രാക്കില്‍ കിടക്കുന്ന മറ്റു വള്ളങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി മഫ്തിയിലും കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.