അയൽവാസിയുമായി വാക്കുതർക്കം; തിളച്ച വെള്ളത്തിൽ മുളകുപൊടി കലർത്തി ദേഹത്ത് ഒഴിച്ചു; മധ്യവയസ്‌കന്‍ മരിച്ച സംഭവത്തിൽ 40കാരൻ അറസ്റ്റിൽ
കട്ടപ്പന: തിളച്ച വെള്ളത്തിൽ മുളകുപൊടി കലർത്തി ദേഹത്ത് ഒഴിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. കട്ടപ്പന വലിയപാറ പാറപ്പാട്ട് രാജീവൻ (58) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയുമായ വലിയപാറ അങ്ങേമഠത്തിൽ ബിജുവിനെ (40) കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം മൂന്നിനാണ് സംഭവം നടന്നത്. അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ബിജു, രാജീവന്റെ ദേഹത്ത് തിളച്ച വെള്ളം മുളകുപൊടി കലർത്തി ഒഴിച്ചത്. ഈ ആക്രമണത്തിൽ രാജീവന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നെങ്കിലും ഞായറാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
രാജീവന്റെ മരണത്തെ തുടർന്ന് കട്ടപ്പന പോലീസ് കേസെടുത്ത് പ്രതിയായ ബിജുവിനെ അറസ്റ്റ് ചെയ്തു. കട്ടപ്പന സി.ഐ. ടി.സി. മുരുകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ.മാരായ ബേബി ബിജു, പി.വി. മഹേഷ് എന്നിവരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു.