യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ; ഭീക്ഷണിപ്പെടുത്തി 1.10 ലക്ഷത്തിന്റെ ഐഫോണും തട്ടിയെടുത്തു; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കാറിൽ യാത്ര ചെയ്തിരുന്ന യുവാവിനെ കൂടെ യാത്ര ചെയ്തിരുന്നവർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നുപേരാണ് അറസ്റ്റിലായത്. യുവാവിന്റെ ഐഫോൺ ഇവർ തട്ടിയെടുക്കുകയും ചെയ്തിരുന്നു. നെയ്യാറ്റിൻകര സ്വദേശികളായ സുജിത്ത് (34), ബിനീഷ് (29), പ്രമോദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ മെഡിക്കൽ കോളജ് ചാലക്കുഴി റോഡിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചടയമംഗലം സ്വദേശി ആഷിഖ് ആണ് അക്രമിസംഘത്തിന്റെ ക്രൂരമായ മർദനത്തിനിരയായത്. കൂടെ യാത്ര ചെയ്തിരുന്ന ഷാജഹാനെ മർദ്ദിച്ച് കാറിൽ നിന്ന് ഇറക്കിവിട്ട ശേഷമാണ് ആഷിഖിനെ തട്ടിക്കൊണ്ടുപോയത്. ആഷിഖിന്റെ കഴുത്തിൽ വെട്ടുകത്തി വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കാറും ഐഫോണും തട്ടിയെടുക്കാനായിരുന്നു ശ്രമം എന്നു പൊലീസ് പറഞ്ഞു.
1,10,000 രൂപ വിലയുള്ള ഐഫോണാണ് പ്രതികൾ തട്ടിയെടുത്തത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാലരാമപുരത്തിനു സമീപത്ത് പ്രതികളെ പിടികൂടുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടു കൂടിയാണ് പ്രതികൾ പിടിയിലാകുന്നത്. മെഡിക്കൽ കോളജ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.