108 ആംബുലന്‍സ് വിളിച്ചപ്പോള്‍ കിട്ടിയില്ല; അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ കൈയേറ്റ ശ്രമം; കെ.ജി.എം.ഓ.എ പ്രതിഷേധിച്ചു
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ കൈയേറ്റ ശ്രമം
അടൂര്‍: ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ രോഗിക്കൊപ്പം വന്നവരുടെ അസഭ്യവര്‍ഷവും ഭീഷണിയും കൈയേറ്റ ശ്രമവും. കെ.ജി.എം.ഓ.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ അഞ്ചിന് രാത്രിയിലാണ് കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടറായ അഖിലയക്ക് നേരെ ഒരു സംഘം കൈയേറ്റത്തിന് ഒരുങ്ങയത്. രാത്രി ഒമ്പതരയോടെ എത്തിച്ച 50 വയസുള്ള രോഗി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇയാള്‍ക്ക് അടുത്ത ബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ല.
നില അതീവ ഗുരുതരമായതിനാല്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് ഡോക്ടര്‍ തന്നെ 108 ആംബുലന്‍സ് വിളിച്ചു. എന്നാല്‍, ഈ സമയം ആംബുലന്‍സ് വേറെ ഓട്ടത്തിലായിരുന്നു. വിവരം ഡോക്ടര്‍ രോഗിക്കൊപ്പം വന്നവരെ അറിയിക്കുകയും മറ്റൊരു ആംബുലന്‍സ് വിളിച്ചു പോകാന്‍ ആവശ്യപ്പെടുയും ചെയ്തു. ഒപ്പം വന്നവര്‍ ഈ ഘട്ടത്തിലൊക്കെ സൗമ്യമായിട്ടാണ് പെരുമാറിയത്. കുറേ സമയത്തിന് ശേഷം രോഗിക്കൊപ്പം വന്നവര്‍ വീണ്ടും ഡോക്ടറെ സമീപിച്ച് 108 ആംബുലന്‍സ് വേണമെന്ന് ആവശ്യപ്പെട്ടു. ഡോക്ടര്‍ വിളിച്ചപ്പോള്‍ 108 ആംബുലന്‍സ് വേറെ ഓട്ടത്തിലായിരുന്നു.
വിവരം ഒപ്പം വന്നവരെ അറിയിച്ച ശേഷം ഡോക്ടര്‍ ഡ്യൂട്ടി തുടര്‍ന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഹൃദയാഘാതം സംഭവിച്ച രോഗിയെ റഫര്‍ ചെയ്യുന്നതിനായി ഡോക്ടര്‍ വിളിച്ചപ്പോള്‍ 108 ആംബുലന്‍സ് തിരിച്ചെത്തിയിരുന്നു. ഈ രോഗിയെ കൊണ്ടു പോകാന്‍ തുനിഞ്ഞപ്പോള്‍ നേരത്തേ രോഗിയുമായി വന്നവര്‍ ബഹളവുമായി എത്തി. ഇവര്‍ റഫര്‍ ചെയ്ത രോഗിയെ കൊണ്ടു പോയിരുന്നില്ല. തങ്ങള്‍ക്ക് ഡോക്ടര്‍ 108 ആംബുലന്‍സ് തന്നില്ലെന്നും ഡോക്ടര്‍ സ്വകാര്യ ആംബുലന്‍സുകളെ സഹായിക്കാന്‍ ഒത്താശ ചെയ്യുകയാണെന്നും ആരോപിച്ചായിരുന്നു ബഹളം. മണിക്കൂറുകള്‍ക്ക് മുന്‍പ് റഫര്‍ ചെയ്ത രോഗിയെ കൊണ്ടു പോയില്ല എന്ന വിവരവും അപ്പോഴാണ് ഡോക്ടര്‍ അറിയുന്നത്.
തുടര്‍ന്നാണ് കൂടെ വന്നവര്‍ ഡോക്ടര്‍ക്ക് നേരെ ഭീഷണി ഉയര്‍ത്തിയത്. കൊട്ടാരക്കരയിലെ വന്ദനാദാസിന്റെ അനുഭവം ഓര്‍മയുണ്ടോ എന്നൊക്കെ ചോദിച്ചായിരുന്നു ഭീഷണി. പിന്നീട് ഇവര്‍ രോഗിയുമായി സ്ഥലം വിടുകയും ചെയ്തു. ഡോക്ടര്‍ അഖില ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. സൂപ്രണ്ട് ഇത് പോലീസിന് കൈമാറിയിട്ടുണ്ട്.അന്വേഷണം തുടങ്ങിയതായി കെ.ജി.എം.ഓ.എ ഭാരവാഹികള്‍ പറഞ്ഞു. വനിതാ ഡോക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കൈയേറ്റ ശ്രമം നടത്തുകയും ചെയ്ത നടപടിയെ കെ.ജി.എം.ഓ.എ അപലപിച്ചു.
ഗുരുതരാവസ്ഥയില്‍ വന്ന രോഗിയെ പ്രാഥമിക ചികിത്സകള്‍ നല്‍കി റെഫര്‍ ചെയ്തപ്പോള്‍ 108 ആംബുലന്‍സ് ലഭ്യമല്ലാതെ വന്നപ്പോഴാണ് ഒരു കൂട്ടം ആളുകള്‍ ഡോക്ടര്‍ക്കെതിരെ ആക്രോശിക്കുകയും കൈയേറ്റ ശ്രമം നടത്തുകയും ചെയ്തത്. പല തവണ ശ്രമിച്ചിട്ടും 108 ആംബുലന്‍സ് ലഭ്യമല്ലാതെ വന്നപ്പോള്‍ രോഗിയെ ഷിഫ്റ്റ് ചെയ്യാന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടും അതുള്‍ക്കൊള്ളാതെ അകാരണമായി രോഗിയുടെ വിലപ്പെട്ട സമയം നഷ്ടമാക്കുകയും ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്.
അസാമാന്യമായ തിരക്കിനിടയിലും തന്റെ ഡ്യൂട്ടി കൃത്യമായി നിര്‍വഹിച്ച വനിതാ ഡോക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയവരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കസ്റ്റഡിയില്‍ എടുക്കണം. അല്ലാത്ത പക്ഷം പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന് കെ.ജി.എം.ഓ അറിയിച്ചു.
അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സുകളുടെ ദൗര്‍ലഭ്യവും പോലീസ് എയ്ഡ് പോസ്റ്റില്‍ മുഴുവന്‍ സമയം ആളെ നിയമിക്കേണ്ടതിന്റെ ആവശ്യകതയും പല തവണ അധികാരികളുടെ ശ്രെദ്ധയില്‍ പെടുത്തിയിട്ടും പരിഹാരം കാണാത്തതിലും കെജിഎംഓഎ പ്രതിഷേധിച്ചു.