ക്രമസമാധാനപാലനം നടത്തുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കണം; പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അതിക്രമമുണ്ടായാല്‍ കര്‍ശന നടപടിയെന്ന് പോലിസ് മേധാവി: സേനയിലേക്ക് 330 പുതിയ അംഗങ്ങള്‍ കൂടി
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അതിക്രമമുണ്ടായാല്‍ കര്‍ശന നടപടി
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അതിക്രമമുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പു നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. പോലീസിന്റെ സാമൂഹിക മാധ്യമ പേജിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അടുത്തിടെ ചിലയിടങ്ങളിലുണ്ടായ അക്രമത്തെ അദ്ദേഹം അപലപിച്ചു. ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വീഡിയോ സന്ദേശവുമായി അദ്ദേഹം രംഗത്തെത്തിയത്.
നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചതും തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം വീഡിയോ സന്ദേശവുമായി എത്തിയത്. ക്രമസമാധാനപാലനം നടത്തുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും പോലീസ് മേധാവി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
സമൂഹത്തില്‍ നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പാക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഒരുതരത്തിലുള്ള അക്രമവും അനുവദിക്കില്ല. വിദ്യാര്‍ഥിസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പോലീസുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് ഉദ്യോഗസ്ഥരുടെ അസോസിയേഷനുകള്‍ പോലീസ് മേധാവിയെ കാണുകയും ചെയ്തു. തുടര്‍ന്നും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ പലയിടത്തും അക്രമങ്ങളുണ്ടായ സാഹചര്യത്തിലാണ് പോലീസ് മേധാവിയുടെ മുന്നറിയിപ്പ്.
അതേസമയം കേരള പോലീസ് സേയിലേക്ക് 330 അംഗങ്ങള്‍ കൂടിയെത്തി. സ്‌പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എസ്.എ.പി.യിലെ 98 റിക്രൂട്ട് സേനാംഗങ്ങള്‍, കെ.എ.പി. മൂന്നാം ബറ്റാലിയനിലെ 67 റിക്രൂട്ട് സേനാംഗങ്ങള്‍, പാലക്കാട് ഡി.എച്ച്.ക്യു.വില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കിയ കെ.എ.പി. ഒന്നാം ബറ്റാലിയനിലെ 61 പേര്‍, കേരള പോലീസ് അക്കാദമിയില്‍നിന്നു പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ ബറ്റാലിയനിലെ 104 പേര്‍ എന്നിവരുള്‍പ്പെടെ 330 റിക്രൂട്ട് സേനാംഗങ്ങളാണ് പരേഡില്‍ പങ്കെടുത്തത്.
എ.ഡി.ജി.പി.മാരായ എസ്.ശ്രീജിത്ത് (പോലീസ് ആസ്ഥാനം), ദിനേന്ദ്ര കശ്യപ് (ബറ്റാലിയന്‍), എച്ച്. വെങ്കടേഷ് (ലോ ആന്‍ഡ് ഓര്‍ഡര്‍), മറ്റ് ഉന്നത പോലീസുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
