കോന്നിയില്‍ അജ്ഞാത വാഹനമിടിച്ച് ഒരാള്‍ കൊല്ലപ്പെട്ട സംഭവം: പ്രതിയെ അറസ്റ്റു ചെയ്തു കോന്നി പോലീസ്
കോന്നിയില്‍ അജ്ഞാത വാഹനമിടിച്ച് ഒരാള്‍ കൊല്ലപ്പെട്ട സംഭവം: പ്രതിയെ അറസ്റ്റു ചെയ്തു കോന്നി പോലീസ്
കോന്നി: കോന്നിയില്‍ അജ്ഞാത വാഹനമിടിച്ച് ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വാഹനവും പ്രതിയെയും കണ്ടെത്തി. കോന്നി പൂവന്‍പാറ സ്വദേശി കൈതവന വീട്ടില്‍ രാജു എന്ന് വിളിക്കുന്ന മാത്യു വര്‍ഗീസ് (46) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വാഹനം ഓടിച്ച പുനലൂര്‍ ആയിരനല്ലൂര്‍ സ്വദേശി മണലില്‍ എരണൂര്‍ കരിക്കം എന്ന സ്ഥലത്ത് കൃഷ്ണ വിലാസം വീട്ടില്‍ അനൂപാണ് (32) അറസ്റ്റിലായത്.
കോന്നി പൂവന്‍പാറ പെട്രോള്‍ പമ്പിന് സമീപം മാര്‍ച്ച് രണ്ട് തിങ്കളാഴ്ച രാത്രി 11 മണിക്കാണ് കൈതവന വീട്ടില്‍ രാജു എന്ന് വിളിക്കുന്ന മാത്യു വര്‍ഗീസ് കൊല്ലപ്പെട്ടത്. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയും തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് മാത്യു വര്‍ഗ്ഗീസിനെ കോന്നി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അപകടത്തില്‍ മുഖം തകര്‍ന്നു പോയിരുന്നതിനാല്‍ ആളെ തിരിച്ചറിയുന്നതിനും ബുദ്ധിമുട്ടിയിരുന്നു. കേസെടുത്ത കോന്നി പോലീസ് ഉടന്‍തന്നെ അന്വേഷണം ആരംഭിച്ചു എങ്കിലും അപകടം നടന്ന സ്ഥലത്ത് സിസി ടിവി ക്യാമറകള്‍ ഇല്ലാതിരുന്നത് പ്രാഥമിക അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. തുടര്‍ന്ന് സംഭവസ്ഥലവും പരിസരവും സൂക്ഷ്മമായി പരിശോധിച്ച അന്വേഷണ സംഘത്തിന് ഇടിച്ചിട്ട വാഹനത്തിന്റേത് എന്ന് സംശയിക്കുന്ന വളരെ ചെറിയ ഒരു പ്ലാസ്റ്റിക് ഭാഗം ലഭിച്ചു.
അത് ഒരു ഐ 20 വാഹനത്തിന്റെതാണ് എന്ന് മനസ്സിലാക്കിയ അന്വേഷണസംഘം സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അപകടമുണ്ടാക്കിയ വാഹനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട , കോട്ടയം ജില്ലകളിലെ നിരവധി സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് ഒടുവില്‍ മൂവാറ്റുപുഴയില്‍ നിന്ന് വാഹനം കസ്റ്റഡിയിലെടുത്തു. ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ആ. രാജഗോപാലിന്റെ നേതൃത്വത്തില്‍ SCPO ഡിക്രൂസ്, CPO മാരായ പ്രമോദ് ,ജോമോന്‍, സൈഫുദ്ദീന്‍, അഖില്‍ കൃഷ്ണന്‍ , നഹാസ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് നിരന്തരമായ അന്വേഷണത്തിനൊടുവില്‍ പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുത്തത്.