തിരുവല്ലയിൽ ഗർഭിണിയായ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം; റിസപ്ഷനിസ്റ്റിന്റെ ഭർത്താവിനെ ആക്രമിച്ചു; ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യലഹരിയിലായിരുന്ന യുവാക്കൾ

Update: 2025-12-26 10:15 GMT

തിരുവല്ല: തിരുവല്ല ഇരവിപേരൂരിലെ സെൻ്റ് മേരിസ് മിഷൻ ആശുപത്രിയിൽ ഗർഭിണിയായ ഡോക്ടർക്ക് നേരെ മദ്യലഹരിയിലായിരുന്ന യുവാക്കളുടെ കയ്യേറ്റം. രാത്രി എട്ടുമണിയോടെ ആശുപത്രിയിലെത്തിയ മൂന്നംഗ സംഘമാണ് അതിക്രമം അഴിച്ചുവിട്ടത്. പടക്കം പൊട്ടിക്കുന്നതിനിടെ പരിക്കേറ്റ കൈക്ക് ചികിത്സ തേടിയെത്തിയവരായിരുന്നു ഇവർ.

കൈയുടെ പരിക്ക് ഗുരുതരമാണെന്നും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം സർജനെ കാണിക്കണമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഗർഭിണിയായ ഡോ. ജസ്റ്റി അറിയിച്ചതോടെയാണ് സംഘം അസഭ്യവർഷം ആരംഭിച്ചത്. തുടർന്ന്, പരിക്കേറ്റ യുവാവ് ഡോ.ജസ്റ്റിക്ക് നേരെ പാഞ്ഞടുക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ഇവിടെയുണ്ടായിരുന്ന മറ്റൊരു പുരുഷ ഡോക്ടറെയും റിസപ്ഷനിസ്റ്റിനെയും സംഘം ആക്രമിക്കാൻ ശ്രമിച്ചു.

വിവരമറിഞ്ഞെത്തിയ റിസപ്ഷനിസ്റ്റിന്റെ ഭർത്താവിനെയും യുവാക്കൾ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. ആശുപത്രിയുടെ വാതിൽ തകർക്കാനും ഇവർ ശ്രമം നടത്തി. ഏകദേശം ഒരു മണിക്കൂറോളം ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പിന്നീട് വിവരമറിഞ്ഞെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കൾ മദ്യലഹരിയിലായിരുന്നെന്ന് ഡോക്ടർമാർ പൊലീസിനോട് മൊഴി നൽകി. 

Tags:    

Similar News