പ്രദേശത്ത് നല്ല കൂർത്ത നഖമുള്ള കൊടുംഭീകരന്റെ അഴിഞ്ഞാട്ടം; ഇതെല്ലാം കണ്ട് പേടിച്ച് വിരണ്ടുപോയ നാട്ടുകാരും; അമരമ്പലത്തെ വിറപ്പിച്ച ആ കരടിക്ക് ഇനി പുതിയ കൂട്

Update: 2026-02-03 09:54 GMT

മലപ്പുറം: മാസങ്ങളായി മലപ്പുറം അമരമ്പലത്തെ ജനവാസമേഖലകളിൽ ഭീതി പരത്തിയ കരടി ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിലായി. കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രിയോടെ പിടികൂടിയ ഈ ആൺകരടിയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിസ്ഥാപിച്ചു. ഇതോടെ മലയോര മേഖലയിലെ പ്രദേശവാസികളുടെ ആശങ്കകൾക്ക് വിരാമമായി.

പിടികൂടിയ ഉടൻ അമരമ്പലം സൗത്തിലെ ആർ.ആർ.ടി. ക്യാമ്പിലേക്ക് മാറ്റിയ കരടിയെ വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. എസ്. ശ്യാം വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഏകദേശം ആറ് വയസ്സ് പ്രായം വരുന്ന ആൺകരടിയാണെന്നും, ഇത് പൂർണ ആരോഗ്യവാനാണെന്നും പരിശോധനയിൽ കണ്ടെത്തി.

നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ. ജി. ധനിക് ലാൽ, കാളികാവ് റേഞ്ച് ഓഫീസർ പി. രാജീവ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കരടിയെ മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കിയത്. വനം വകുപ്പിന്റെ പ്രത്യേക ഉത്തരവ് ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച വൈകീട്ടോടെ പ്രത്യേക വാഹനത്തിലാണ് കരടിയെ തൃശൂരിലേക്ക് കൊണ്ടുപോയത്. അമരമ്പലം ടി.കെ. കോളനി പരിസരങ്ങളിലും ധർമശാസ്താ ക്ഷേത്രമുറ്റത്തും ഉൾപ്പെടെ കരടിയുടെ സാന്നിധ്യം ജനങ്ങളെ ഏറെ ആശങ്കയിലാക്കിയിരുന്നു.

ജനവാസമേഖലയിൽ ഭീതി പരത്തിയിരുന്ന കരടിയെ സുരക്ഷിതമായി മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും. കരടിയെ യാത്രയയക്കാൻ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ, മാമ്പൊയിൽ വാർഡ് അംഗം റീന ബാബു, ചക്കിക്കുഴി വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും എത്തിച്ചേർന്നിരുന്നു. പുത്തൂർ സുവോളജിക്കൽ പാർക്കിലെ പുതിയ ആവാസവ്യവസ്ഥയിൽ കരടിക്ക് സുരക്ഷിത ജീവിതം ഉറപ്പാക്കാനും പ്രദേശവാസികൾക്ക് സാധാരണ ജീവിതം വീണ്ടെടുക്കാനും ഈ നടപടി സഹായകമാകും.

Tags:    

Similar News