3000 രൂപയുടെ കഞ്ചാവ് കൊച്ചിയിലെത്തിയാൽ 25,000; അയ്യമ്പുഴയിൽ ബംഗാൾ സ്വദേശികൾ പിടിയിൽ; പിടികൂടിയത് 27 കിലോ കഞ്ചാവ്

Update: 2026-03-30 14:10 GMT

അയ്യമ്പുഴ: കൊച്ചിയിൽ വീണ്ടും വൻ ലഹരിവേട്ട. 27 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ അയ്യമ്പുഴ പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സെൻ്റു സർക്കാർ (32), ഇനാമുൽ ഹഖ് (36) എന്നിവരാണ് പിടിയിലായത്. അയ്യമ്പുഴ ഒലിവ് മൗണ്ട് ഭാഗത്ത് വച്ച് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴാണ് ഇവർ വലയിലായത്.

രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതികൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം എറണാകുളത്ത് എത്തിയ പ്രതികൾ അവിടെ നിന്നാണ് ഓട്ടോറിക്ഷ മാർഗ്ഗം അയ്യമ്പുഴയിലേക്ക് തിരിച്ചത്. ഒഡീഷയിൽ നിന്ന് വെറും 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ എത്തിച്ച് കിലോയ്ക്ക് 25,000 രൂപ വരെ നിരക്കിലാണ് ഇവർ വിൽപന നടത്തിയിരുന്നത്. വൻ ലാഭം കൊയ്ത് ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങുന്നതാണ് ഇവരുടെ രീതി.

പിടിയിലായവർ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. അയ്യമ്പുഴ ഇൻസ്പെക്ടർ പ്രിൻസ് ജോസഫ്, സബ് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ, കെ.എസ് വിനോദ്, പി.ഒ സെബി, സീനിയർ സി.പി.ഒമാരായ കെ.ജി പ്രസാദ്, കെ.എസ് സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം മുളന്തുരുത്തിയിലും സമാനമായ രീതിയിൽ 20 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

Tags:    

Similar News