ബെംഗളൂരുവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

Update: 2024-11-12 03:55 GMT

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. പേരാവൂര്‍ പെരുന്തോടി അത്തൂര്‍ കല്ലംപറമ്പില്‍ വീട്ടില്‍ കെ.എസ്. മുഹമ്മദ് സഹദ് (20), തോലമ്പ്ര തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ റിഷ്ണു ശശീന്ദ്രന്‍ (23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ ബെന്നാര്‍ഘട്ട റോഡിലെ കമ്മനഹള്ളി ജങ്ഷനില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റുകിടന്ന ഇരുവരെയും പോലീസെത്തി സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെവെച്ച് സഹദ് മരിച്ചു. റിഷ്ണുവിനെ വിദഗ്ധചികിത്സയ്ക്കായി മറ്റൊരു സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അധികം താമസിയാതെ മരിച്ചു. സഹദ് ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥിയും റിഷ്ണു സ്വകാര്യകമ്പനി ജീവനക്കാരനുമാണ്.

ഷംസുദ്ധീനാണ് മുഹമ്മദ് സഹദിന്റെ പിതാവ്. മാതാവ്: ഹസീന. സഹോദരന്‍: പരേതനായ യസീദ്. പരേതനായ ശശീന്ദ്രനാണ് റിഷ്ണുവിന്റെ അച്ഛന്‍. മാലൂര്‍ പഞ്ചായത്ത് മുന്‍ അംഗവും സി.പി.എം. മാലൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ ഷാജി ശശീന്ദ്രനാണ് അമ്മ. സഹോദരങ്ങള്‍: അജന്യ, വിഷ്ണു. സെയ്ന്റ് ജോണ്‍സ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹങ്ങള്‍ കെ.എം.സി.സി.യുടെ ആംബുലന്‍സില്‍ നാട്ടിലേക്കു കൊണ്ടുപോയി. കെ.എം.സി.സി. കോറമംഗല ഏരിയാ ജനറല്‍സെക്രട്ടറി നാസര്‍, എമിറേറ്റ്സ് ആശുപത്രിയിലെയും പോലീസ് സ്റ്റേഷനിലെയും നടപടികള്‍ക്ക് നേതൃത്വംനല്‍കി.

Tags:    

Similar News