കൂട്ടുകാരോടൊപ്പം വൈബായി ഊട്ടിയിലേക്ക് പോകാനിറങ്ങി; ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു; യുവാവ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; സംഭവം പാലക്കാട്

Update: 2025-10-24 16:49 GMT

പാലക്കാട്: ഷൊർണൂർ കാരക്കാട് കള്ളിക്കാട്ടിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബൈക്കിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. ബൈക്ക് യാത്രക്കാരനായിരുന്ന യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാരക്കാട് കള്ളിക്കാട്ടിൽ നിതീഷിന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

വീട്ടിൽ നിന്നിറങ്ങി ഏകദേശം 200 മീറ്റർ പിന്നിട്ടപ്പോഴാണ് ബൈക്കിന്റെ എൻജിൻ ഭാഗത്തുനിന്നും പുക വരികയും പിന്നീട് തീ പടരുകയുമായിരുന്നു. പുക കണ്ടതിനെ തുടർന്ന് സംശയം തോന്നിയ യുവാവ് ഉടൻതന്നെ ബൈക്ക് റോഡരികിൽ നിർത്തി പുറത്തിറങ്ങി. തുടർന്ന് ബൈക്ക് പൂർണ്ണമായും തീ വിഴുങ്ങുകയായിരുന്നു. അര ടാങ്കോളം പെട്രോൾ ബൈക്കിലുണ്ടായിരുന്നു.

സുഹൃത്തുക്കളോടൊപ്പം ഊട്ടിയിലേക്ക് വിനോദയാത്ര പോകാനായി നിതീഷ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. തീപിടുത്തമുണ്ടായപ്പോൾ നിതീഷ് മാത്രമാണ് ബൈക്കിൽ ഉണ്ടായിരുന്നത്. വലിയ അപകടമാണ് യുവാവിന് തലനാരിഴയ്ക്ക് ഒഴിവായത്. വിവരം ലഭിച്ചതിനെ തുടർന്ന് ഷൊർണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീ അണച്ചു.

Tags:    

Similar News