'പീ..പീ വണ്ടി പോട്ടെ..'; ട്രാക്ക് തെറ്റി ഓടുന്ന ഒരുത്തനെ കണ്ട് അമ്പരപ്പ്; നിമിഷ നേരം കൊണ്ട് പ്ലാറ്റ്ഫോമിലൂടെ കുതിച്ചുപാഞ്ഞു; പെരുമ്പാവൂരിലെ ആ ബൈക്കുകാരനെ തപ്പി പോലീസ്

Update: 2025-09-03 16:59 GMT

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റഫോമിലൂടെ യുവാവ് ബൈക്ക് ഓടിച്ചതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ രണ്ടാമത്തെ പ്ലാറ്റഫോമിലാണ് സംഭവം നടന്നത്. പെരുമ്പാവൂർ സ്വദേശി അജ്മലാണ് ബൈക്ക് ഓടിച്ചതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റഫോമിലേക്ക് ചരിഞ്ഞ വഴിയുണ്ട്. ഈ വഴിയിലൂടെയാണ് യുവാവ് പുലർച്ചെ ബൈക്ക് ഓടിച്ച് കയറ്റിയത്. പ്ലാറ്റഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ യുവാവിനെ തടയാൻ ശ്രമിച്ചെങ്കിലും, ഇയാൾ പൊലീസുകാരനെ വെട്ടിച്ച് ബൈക്ക് മുന്നോട്ടെടുത്തു.

പിന്തുടർന്നെത്തിയ പൊലീസിനെ കബളിപ്പിക്കാനായി യുവാവ് ബൈക്കിന്റെ വേഗതകൂട്ടി. ട്രെയിൻ കാത്തുകിടന്ന യാത്രക്കാർക്കിടയിലൂടെയാണ് ബൈക്ക് മുന്നോട്ട് പോയത്. പിന്നീട്, പ്ലാറ്റഫോമിൽ നിന്ന് ഇറങ്ങിയോടി നോർത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപത്തായി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ അജ്മലിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. യുവാവ് ലഹരി ഉപയോഗിച്ചതിന് ശേഷം ഇത് ചെയ്തതാവാം എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News