താക്കോൽ ഇല്ലാതെ ബൈക്ക് സ്റ്റാർട്ടാക്കും ഈ മിടുക്കൻ; ഇഷ്ടം ഹീറോ ഹോണ്ടകളോട് മാത്രം; ഒടുവിൽ തുമ്പ് കിട്ടിയതും ആശാനേ കുടുക്കി പോലീസ്
തിരുവനന്തപുരം: താക്കോൽ ഉപയോഗിക്കാതെ ബൈക്കുകൾ സ്റ്റാർട്ട് ചെയ്ത് മോഷ്ടിക്കുകയും വിൽക്കുകയും ചെയ്തിരുന്ന യുവാവിനെ പൊലീസ് പിടികൂടി. മുഖം മറച്ചും ഹെൽമറ്റ് ധരിച്ചും മോഷണം നടത്തിയിരുന്ന പ്രതി, പ്രത്യേകിച്ചും ഹീറോ ഹോണ്ട മോഡലുകളാണ് ലക്ഷ്യമിട്ടിരുന്നത്.
അഞ്ചൽ വടമൺ സ്വദേശി വിജിൻ ബിജു (അപ്പൂസ്, 24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം വെമ്പായത്തെ ബാറിന് മുന്നിൽ നിന്ന് ഗോപകുമാറിന്‍റെയും നാഗരുകുഴിയിൽ ഷിജുവിന്‍റെയും ബൈക്കുകൾ മോഷണം പോയ കേസുകളിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ 4ന് രാത്രി ഇളമ്പത്തട സ്വദേശി സുനിലിന്‍റെ വീടിന് മുന്നിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചപ്പോഴാണ് കടയ്ക്കാവൂർ പൊലീസ് ഇയാളെ തടഞ്ഞത്. അന്ന് ഇയാൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽ നിന്ന് ലഭിച്ച വിരലടയാളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്.
നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് മോഷണം പോയ ബൈക്കുകൾ കരമനയിൽ വിൽക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പൊലീസിന്‍റെ പിടിയിലാകുന്നത്. മോഷണം നടത്തുമ്പോൾ സി.സി.ടി.വി ദൃശ്യങ്ങളിൽ പതിയാതിരിക്കാൻ ഹെൽമറ്റും മാസ്കും ധരിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. താക്കോൽ ഉപയോഗിക്കാതെ ബൈക്കുകൾ സ്റ്റാർട്ട് ചെയ്യുന്നതിൽ ഇയാൾക്ക് പ്രത്യേക വൈദഗ്ധ്യമുണ്ടായിരുന്നു. മോഷ്ടിച്ച വാഹനങ്ങൾ കിട്ടുന്ന വിലയ്ക്ക് പണയം വെക്കുകയോ വിൽക്കുകയോ ചെയ്യുകയാണ് പതിവ്. പാതയോരങ്ങളിൽ പാർക്ക് ചെയ്യുന്ന ബൈക്കുകൾ സ്വന്തം വാഹനം എടുത്തു കൊണ്ടുപോകുന്നത് പോലെ ലളിതമായാണ് ഇയാൾ മോഷ്ടിച്ചിരുന്നത്.
പ്രതിക്കെതിരെ നൂറനാട്, പേരൂർക്കട, ശ്രീകാര്യം, തമ്പാനൂർ, മെഡിക്കൽ കോളേജ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. പിടികൂടിയ ബൈക്കുകൾ വിവിധ സ്റ്റേഷനുകളിൽ നിന്ന് കാണാതായവയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.