കൊലക്കേസ് പ്രതിയുടെ പിതാവ് നടത്തുന്ന ചായക്കടയിലെ അടുപ്പില്‍ നിന്നും പൊട്ടിത്തെറി; ഉടമയെ കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു; പൊട്ടിത്തെറിച്ചത് സിഗാര്‍ ലൈറ്റര്‍
കൊലക്കേസ് പ്രതിയുടെ പിതാവ് നടത്തുന്ന ചായക്കടയിലെ അടുപ്പില്‍ നിന്നും പൊട്ടിത്തെറി
റാന്നി-പെരുനാട്: വയറന്‍ മരുതിയിലെ ഹോട്ടലിലെ അടുപ്പില്‍ പൊട്ടിത്തെറി. അശ്രദ്ധമായി അടുക്കള കൈകാര്യം ചെയ്തതിന് ഹോട്ടലുടമയ്ക്കെതിരേ കേസ് എടുത്തു. ശ്രീമുരുക സ്വാമി ക്ഷേത്രത്തിനടുത്തുള്ള നിതിന്‍ ആന്‍ഡ് നിഖില്‍ വെജിറ്റേറിയന്‍ ഹോട്ടലിലെ അടുക്കളയില്‍ നിന്നാണ് ഇന്ന് രാവിലെ വലിയ ശബ്ദം ഉയര്‍ന്നത്. വിവരമറിഞ്ഞു പോലീസ് സംഘം ഉടനടി സ്ഥലത്തെത്തി അന്വേഷണം നടത്തി. വയറന്‍ മരുതി പുത്തന്‍ പറമ്പില്‍ ശിവന്‍ കുട്ടി(65) യുടേതാണ് ഹോട്ടല്‍.
ഇയാള്‍ ഹോട്ടലിലെ ചപ്പുചവറുകള്‍ തൂത്തുകൂട്ടി അടുപ്പില്‍ ഇട്ടപ്പോള്‍ അബദ്ധത്തില്‍ സിഗരറ്റ് ലൈറ്ററും വീണതാണ് പൊട്ടിത്തെറിക്ക് കാരണമായത് എന്നാണ് കരുതുന്നത്. ആളപായമില്ല. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതുമൂലമുള്ള അപകടമാണെന്ന് പോലീസിന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ശാസ്ത്രീയ പരിശോധനയില്‍ സ്ഫോടകവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. റാന്നി ഡിവൈ.എസ്.പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തിലാണ് പരിശോധന നടന്നത്. പെരുനാട് എസ്.എച്ച്.ഓ വിഷ്ണുവിന്റെ നേതൃത്വത്തില്‍ പെരുനാട് പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ബോംബ് സ്‌ക്വാഡ്, ഫോറന്‍സിക്ക് സംഘം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പെരുനാട്ടിലെ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ജിതിന്‍ ഷാജി കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി നിഖിലിഷിന്റെ പിതാവാണ് ശിവന്‍കുട്ടി.